സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് എൽഡിഎഫിന്റെ മത്സര ചിത്രം തെളിഞ്ഞു. 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഭരണം നിലനിർത്താൻ ഇപ്രാവശ്യം പ്രമുഖരെ അണിനിരത്തിയാണ് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടമാകും നടക്കുക.
കോര്‍പ്പറേഷൻ ഭരണം നിലനിര്‍ത്താൻ ലക്ഷ്യമിട്ടാണ് എൽഡിഎഫ് പ്രമുഖരെ അണിനിരത്തിയിരിക്കുന്നത്. 93 സീറ്റുകളിലാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബാക്കിയുള്ള എട്ടു സീറ്റിൽ പിന്നീട് പ്രഖ്യാപിക്കും. സിപിഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് -2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ജെഡി 3 എന്നിങ്ങനെയും മത്സരിക്കും.
ബാക്കിയുള്ള ഘടകക്ഷികള്‍ ഒരോ സീറ്റിലും മത്സരിക്കും. ബിജെപിയും കോണ്‍ഗ്രസും പ്രമുഖരെ അണിനിരത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎമ്മും പ്രമുഖരെ അണിനിരത്തി മത്സരത്തിനിറങ്ങുന്നത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഡിസംബർ 13ന്.







