ഹൈക്കോടതിക്ക് മുന്നിൽ നടന്ന അഭിഭാഷക-മാധ്യമ പ്രവർത്തക സംഘർഷം; അന്വേഷണ കമ്മീഷന്റെ കാലാവധി തീരാൻ ഇനി ഒരു ദിനം; മൂന്ന് വർഷമായിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല; ചെലവായത് 1.84 കോടി രൂപ

കേരള ഹൈക്കോടതിക്ക് മുന്നിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തെ കുറിച്ച് അന്വേഷിക്കുന്ന ജുഡിഷ്യൽ കമ്മീഷന്റെ കാലാവധി നാളെ അവസാനിക്കും. കമ്മീഷൻ രൂപീകരിച്ച് 3 വർഷം പിന്നിട്ടിട്ടും ജസ്റ്റീസ് പി.എ മുഹമ്മദ് കമ്മീഷൻ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. കാലാവധി തീരാൻ
ഒരു ദിവസം മാത്രം അവശേഷിക്കേ കമ്മീഷൻ റിപ്പോർട്ട് നൽകുമോ എന്നതാണ് ആകാംക്ഷ. ആറ് മാസം കൊണ്ട് തീർക്കേണ്ട അന്വേഷണം മൂന്ന് കൊല്ലം പിന്നിട്ടപ്പോൾ സർക്കാർ ഖജനാവിൽ നിന്ന് ചെലവായത് 1.84 കോടി രൂപയാണ്.

2016 ജൂലൈ 19- നാണ് എറണാകുളത്തെ ഹൈക്കോടതിക്ക് മുന്നിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. പത്രപ്രവർത്തക യൂണിയന്റെ തടക്കമുള്ള ആവശ്യപ്രകാരമാണ് അന്വേഷണത്തിനായി 2016 നവംബർ 8- ന് ജസ്റ്റീസ് പി.എ അന്വേഷണ കമ്മീഷനായി നിയമിച്ചത്. 6 മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് ആയിരുന്നു നിർദ്ദേശമെങ്കിലും നടപ്പായില്ല. സമയം ദീർഘിപ്പിച്ച് നൽകണമെന്ന കമ്മീഷന്റെ ആവശ്യത്തെ തുടർന്ന് 5 തവണയായി മൊത്തം 30 മാസമാണ് ദീർഘിപ്പിച്ച് നൽകിയത്. ഏറ്റവും ഒടുവിൽ ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് നൽകിയപ്പോൾ മേലിൽ സമയം നീട്ടി നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചുളള സമയപരിധിയാണ് നാളെ (13.11. 19 ) അവസാനിക്കുന്നത്. ഈ കാലാവധിക്കകം റിപ്പോർട്ട് നൽകുമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും വ്യക്തതയില്ല. കമ്മീഷനും ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഉണ്ടായ പ്രധാന വിവാദങ്ങളിൽ ഒന്നായിരുന്നു അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കം.

Read more

2016 ജൂലൈ 19-ന് ഹൈക്കോടതിക്ക് മുന്നിലുണ്ടായ സംഘർഷത്തെ തുടർന്ന് കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനുളള അവസരം നിഷേധിച്ചു. ഗവൺമെന്റ് പ്ലീഡർ ധനേഷ് മാഞ്ഞൂരാൻ ഹാജരായ കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്ന ഡെക്കാൻ ക്രോണിക്കിൾ ലേഖകനെ കോടതി മുറിയിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചതോടെയായിരുന്നു സംഘർഷങ്ങളുടെ തുടക്കം. അതേ ദിവസം തന്നെ വീണ്ടും മർദ്ദനം ഉണ്ടായതോടെ സംഘടിച്ച മാധ്യമ പ്രവർത്തകർ ഹൈക്കോടതിക്ക് മുന്നിലെത്തി. തുടർന്നായിരുന്നു ഏറ്റുമുട്ടൽ. കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ മറ്റ് കോടതികളിലും അഭിഭാഷകർ തടഞ്ഞു. ഇതോടെ സംഘർഷം സംസ്ഥാന വ്യാപകമായി. വിവാദം മുറുകിയതോടെ മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെട്ടു. തല്ലാനും തല്ലുകൊള്ളാനും ആരും കോടതിയിലേക്ക് പോകണ്ട എന്ന് പ്രതികരിച്ച മുഖ്യമന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു. അങ്ങനെ സമയബന്ധിതമായ അന്വേഷണത്തിനായി നിയോഗിക്കപ്പെട്ട കമ്മീഷനാണ് സർക്കാരിന്റെ പണം ചോർത്തി ഇഴഞ്ഞു നീങ്ങിയത്.