'കുഞ്ഞിന് ജന്മം നൽകിയത് ആഗസ്റ്റ് 6 ന്, കുഴിച്ച് മൂടിയത് 7 ന്'; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ പൂച്ചാക്കലിൽ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. വണ്ടേപുറം പാട ശേഖരത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനയി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുമെന്നും കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണെന്നും ആലപ്പുഴ എസ് പി ചൈത്ര തെരേസ പറഞ്ഞു.

സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്ത് ഉൾപ്പെടെ 2 യുവാക്കൾ കസ്റ്റഡിയിലുണ്ടെന്നും എസ് പി അറിയിച്ചു. അതേസമയം കുഞ്ഞിന്റെ മരണം കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇക്കാര്യം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുളളു എന്നും എസ്പി അറിയിച്ചു.

ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. കുഞ്ഞിനെ കൊന്നതാണോ പ്രസവത്തിൽ മരിച്ചതാണോ എന്നതിൽ വ്യക്തതയില്ല. വീട്ടുകാരിൽ നിന്ന് യുവതി വിവരം മറച്ചു വെച്ചിരിക്കുകയായിരുന്നുവെന്നും എസ്പി പറഞ്ഞു.

ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി.

യുവതി പറഞ്ഞതിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. അതേ സമയം കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നതേയുള്ളൂ. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Read more