അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും; ബ്രിട്ടീഷ് പൊലീസ് കേരളത്തിലേക്ക്

ബ്രിട്ടനിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്റെയും മക്കളായ ജാന്‍വി, ജീവ എന്നിവരുടെയും മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും. ബ്രിട്ടനില്‍ നിന്നുള്ള വിമാനത്തില്‍ ഇന്ന് രാവിലെ നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കൂട്ടക്കൊലയില്‍ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസിലെ ചീഫ് ഇന്‍വവെസ്റ്റിഗേഷന്‍ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്.

അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറന്‍സുകള്‍ കിട്ടാതിരുന്നതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടന്‍ ഇരുവരും കേരളത്തില്‍ എത്തുമെന്നാണു വിവരം.

രാവിലെ 08:05നാകും മൃതദേഹപേടകങ്ങള്‍ വഹിച്ചുള്ള എമിറേറ്റ്‌സ് വിമാനം നെടുമ്പാശേരിയില്‍ എത്തുക. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒട്ടും കാലതാമസം ഉണ്ടാകാതിരിക്കാന്‍ സുരേഷ് ഗോപി എംപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.