ബി.ജെ.പിക്കാര്‍ ക്ലിഫ് ഹൗസിനുള്ളില്‍ കടന്ന് കല്ലിട്ടു, സംഭവിച്ചത് ഗുരുതര ഇന്റലിജന്‍സ് വീഴ്ച

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രൂക്ഷമായിരിക്കെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വളപ്പില്‍ കടന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അവിടെ സര്‍വേ കല്ലിട്ടു. ഇതിന്റെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടേയും നാല് സീനിയില്‍ മന്ത്രിമാരുടേയും വസതികള്‍ സ്ഥിതി ചെയ്യുന്ന ക്ലിഫ് ഹൗസ് മന്ദിരം കേരളത്തിലെ അതീവ സുരക്ഷാ മേഖലയാണ്. എന്നിട്ടും സുരക്ഷാ ഉദ്യഗേസ്ഥരുടെ കണ്ണ് വെട്ടിച്ച് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസില്‍ കടന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.

തിരുവനന്തപുരം മുരുക്കുംപുഴ കോഴിമടയില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കെതിരെ ബി.ജെ.പി വലിയ പ്രതിഷേധം നടത്തിയിരുന്നു. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ സര്‍വേ കല്ലുകള്‍ മുഴുവന്‍ പിഴുതുമാറ്റാനാണ് തീരുമാനിച്ചത്. ചിറയിന്‍കീഴ് താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് അതിരടയാള കല്ലുകള്‍ പ്രവര്‍ത്തകര്‍ പിഴുതെടുത്തു.

പിഴുതെടുത്ത സര്‍വേ കല്ലുകളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നേരത്തെ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ജില്ല പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തില്‍ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിലേക്ക് എത്തിയത്.

ക്ലിഫ് ഹൗസിന്റെ പിറക് വശത്തുകൂടെ മതില്‍ ചാടി കടന്ന് വളപ്പില്‍ കയറിയാണ് കല്ല് സ്ഥാപിച്ചത്. അതിക്രമിച്ച് കയറിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.