മോദിയെന്ന ഏകാധിപതിയുടെ, അമിത് ഷാ എന്ന അഹങ്കാരിയുടെ പടിയിറക്കത്തിന്റെ തുടക്കം: കെ.സുധാകരൻ

 

കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനം മോഡിയുടെ പടിയിറക്കം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ലഖിപൂരിൽ ചിതറി വീണ ചോരത്തുള്ളികൾ ഉത്തർപ്രദേശിൽ ബിജെപി യുടെ അടിത്തറ ഇളക്കുമെന്ന തിരിച്ചറിവാണ് ഈ മനം മാറ്റത്തിന് കാരണം. ഇതൊരു തുടക്കമാണ് നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ. അമിത് ഷാ എന്ന അഹങ്കാരിയുടെ പടിയിറക്കത്തിന്റെ തുടക്കമാണെന്നും സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

മോഡിയുടെ പടിയിറക്കം.

കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനം മോഡിയുടെ പടിയിറക്കം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്. പിൻവലിക്കാനല്ല നടപ്പിലാക്കാനാണ് ബിൽ കൊണ്ടുവന്നതെന്ന ബിജെപി യുടെ വെല്ലുവിളി കർഷക പ്രതിഷേധത്തിന് മുന്നിൽ ഒലിച്ചു പോയി.

ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി കർഷക ജനത നടത്തിയ പോരാട്ടം വിവരണാതീതം. ഐതിഹാസികം!

കടുത്ത ചൂട്, ശരീരം കോച്ചുന്ന തണുപ്പ്, മണൽ കാറ്റ്…സമരഭൂവിൽ അവസാനിച്ചു പോയവർ 750 ൽ ഏറെ. ലക്കീം പൂരിൽ നടന്ന കൂട്ടക്കൊല രാജ്യത്തെ നടുക്കി.

നാടും വീടും വിട്ട്, നിരന്തരം വെല്ലുവിളികൾ, ജീവൻ നിലനിർത്താൻ മാത്രമുള്ള ഭക്ഷണം…കൊടും വേനലും അതി ശൈത്യവും…. സമാനതകളില്ലാത്ത ത്യാഗം സഹിച്ചു സമരത്തിൽ അണിനിരന്നവർ അവരുടെ പോരാട്ട വീര്യത്തെ രാജ്യം അഭിവാദ്യം ചെയ്യുന്നു. നിങ്ങളെ ഈ നാട് നമിക്കുന്നു. കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി എല്ലാ പോരാളികളെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു.

ലഖിപൂരിൽ ചിതറി വീണ ചോരത്തുള്ളികൾ ഉത്തർപ്രദേശിൽ ബിജെപി യുടെ അടിത്തറ ഇളക്കുമെന്ന തിരിച്ചറിവാണ് ഈ മനം മാറ്റത്തിന് കാരണം.

യു പി ഇന്ന് ഇളകി മറിയുകയാണ്…പതിനായിരങ്ങളാണ് പ്രിയങ്കയെ കേൾക്കാൻ ഒഴുകിയെത്തുന്നത്… രാജ്യത്തിനു ഭാവിയുടെ പ്രതീക്ഷയായി നിങ്ങൾ മാറിക്കഴിഞ്ഞു. ഫാസിസം തകരണമെങ്കിൽ കോൺഗ്രസ്‌ വളരണം. കോൺഗ്രസ്‌ തകർന്നാൽ ഫാസിസം വളരും.

ഇതൊരു തുടക്കമാണ് നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ. അമിത് ഷാ എന്ന അഹങ്കാരിയുടെ പടിയിറക്കത്തിന്റെ തുടക്കം.

കോൺഗ്രസ്‌ കുതിര ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുന്നു!