കോണ്‍ഗ്രസില്‍ വീണ്ടും പോര് മുറുകുന്നു; സുധീരന്റെ പ്രസ്താവനയ്ക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് കെ സുധാകരന്‍; പാര്‍ട്ടിയില്‍ രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പുകളായെന്ന് വിഎം സുധീരന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും തമ്മില്‍ പോര് മുറുകുന്നു. വിഎം സുധീരന്റെ പ്രസ്താവനകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്നും അവ പൂര്‍ണ്ണമായും തള്ളിക്കളയുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. സുധീരന്റെ പ്രസ്താവനകള്‍ അസ്ഥാനത്തുള്ളവയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

വിഎം സുധീരന്‍ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരമാണെന്നും കെപിസിസി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും മുന്‍പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. അതേസമയം സുധാകരന്റെ പ്രതികരണത്തിന് മറുപടിയുമായി സുധീരനും രംഗത്തെത്തിയിട്ടുണ്ട്.

വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കെപിസിസി അധ്യക്ഷന്‍ പറയുന്നതെന്നും സുധാകരന്റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്നും വിഎം സുധീരന്‍ പ്രതികരിച്ചു. പാര്‍ട്ടി വിട്ടു എന്ന് താന്‍ പറഞ്ഞിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്തത് താനാണെന്നും ഗ്രൂപ്പ് നോക്കാതെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കില്ലായിരുന്നെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

കഴിവ് നോക്കാതെയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. അതില്‍ താന്‍ ദുഃഖിതനായിരുന്നു. സുധാകരനും സതീശനും വന്നപ്പോള്‍ ഈ സ്ഥിതി മാറും എന്ന് വിചാരിച്ചു. സുധാകരനോട് ഡിസിസി പ്രസിഡന്റുമാരെ നിയമിച്ച രീതി ശരിയല്ലെന്ന് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡിന് കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ലെന്നും സുധീരന്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും രണ്ട് വര്‍ഷമായി ഒന്നിനും പരിഹാരമായില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പുകള്‍ ആയി. ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകള്‍ വന്നതോടെയാണ് പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചതെന്നും സുധീരന്‍ പ്രതികരിച്ചു.

സുധാകരന്‍ പല കാര്യങ്ങളും തിരുത്തിയിട്ടുണ്ടെന്നും തനിക്കെതിരെ പറഞ്ഞതും തിരുത്തുമെന്നും പറഞ്ഞ സുധീരന്‍ കെ സുധാകരന്‍ ഔചിത്യ രാഹിത്യം കാട്ടിയെന്നും ആരോപിച്ചു. സുധാകരന്‍ തന്റെ പ്രതികരണത്തോട് മറുപടി പറയേണ്ടത് കെപിസിസി യോഗത്തിലായിരുന്നുവെന്നും വ്യക്തമാക്കി.