'രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു'; തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ നടപടി പിൻവലിക്കണമെന്ന് വി ഡി സതീശൻ

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധവും ഗാന്ധിയന്‍ ആശയങ്ങളോട് എത്രമാത്രം അസഹിഷ്ണുതയും ഭീതിയുമാണെന്ന് വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് വി ഡി സതീശൻ പറഞ്ഞു.

ഗാന്ധിയന്‍ ആശയങ്ങള്‍ രാജ്യത്തിന്റെ ആത്മാവാണ്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് ഗാന്ധിയുടെ സ്‌നേഹ രാഷ്ട്രീയമോ അദ്ദേഹം മുന്നോട്ട് വച്ച മൂല്യങ്ങളുടെ വ്യാപ്തിയോ മനസിലാകില്ല. രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു. നെഹ്‌റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി. അവരെ എത്രയോ വട്ടം അവഹേളിക്കാന്‍ ശ്രമിച്ചുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും ഇന്ത്യയുടേതായിരുന്നെന്ന് ബി.ജെ.പി സര്‍ക്കാര്‍ മറക്കരുത്. രാജ്യത്തിന്റെ പട്ടിണി അകറ്റിയ, ഒരു വലിയ വിഭാഗം ജനതയെ പ്രത്യേകിച്ച് സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിച്ച വിപ്ലവകരമായ തീരുമാനമായിരുന്നു ദേശീയ തൊഴിലുറപ്പ് പദ്ധതി. 2005 ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനാണ് ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ ശ്രമം.

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാവിന്റെ പേര് വെട്ടിയാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിസ്മൃതിയിലാകുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. കേന്ദ്ര നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കും. ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ തീരുമാനം മോദി സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റ്

സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധവും ഗാന്ധിയന്‍ ആശയങ്ങളോട് എത്രമാത്രം അസഹിഷ്ണുതയും ഭീതിയുമാണെന്ന് വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി.
ഗാന്ധിയന്‍ ആശയങ്ങള്‍ രാജ്യത്തിന്റെ ആത്മാവാണ്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് ഗാന്ധിയുടെ സ്‌നേഹ രാഷ്ട്രീയമോ അദ്ദേഹം മുന്നോട്ട് വച്ച മൂല്യങ്ങളുടെ വ്യാപ്തിയോ മനസിലാകില്ല. രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു.
നെഹ്‌റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി. അവരെ എത്രയോ വട്ടം അവഹേളിക്കാന്‍ ശ്രമിച്ചു. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും ഇന്ത്യയുടേതായിരുന്നെന്ന് ബി.ജെ.പി സര്‍ക്കാര്‍ മറക്കരുത്.
രാജ്യത്തിന്റെ പട്ടിണി അകറ്റിയ, ഒരു വലിയ വിഭാഗം ജനതയെ പ്രത്യേകിച്ച് സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിച്ച വിപ്ലവകരമായ തീരുമാനമായിരുന്നു ദേശീയ തൊഴിലുറപ്പ് പദ്ധതി. 2005 ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനാണ് ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ ശ്രമം.
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാവിന്റെ പേര് വെട്ടിയാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിസ്മൃതിയിലാകുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. കേന്ദ്ര നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കും. ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ തീരുമാനം മോദി സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണം.

Read more