മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം; പി.സി ജോര്‍ജ്ജിനെ അവഗണിക്കാന്‍ സി.പി.എം തീരുമാനം

പി സി ജോര്‍ജ്ജിനെ അവഗണിക്കാന്‍ തീരുമാനിച്ച് സിപിഎം. ആരോപണങ്ങളിലൂടെ മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുകയാണ് പി സി ജോര്‍ജ്ജിന്റെ ലക്ഷ്യം. ആ പ്രകോപനങ്ങളില്‍ വീഴേണ്ടെന്നും യുഡിഎഫ് ഏറ്റെടുത്താല്‍ അപ്പോള്‍ ആലോചിക്കാമെന്നുമാണ് സി പി എം നേതൃത്വത്തിന്റെ നിലപാട്. അതേസമയം പി സി ജോര്‍ജ്ജിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

അറസറ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ല. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. പി സി ജോര്‍ജ്ജ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അദ്ദേഹത്തിന്റെ കയ്യില്‍ തെളിവുണ്ടെങ്കില്‍ അത് കൊടുക്കട്ടെ. വെറുതെ ഇങ്ങനെ പറയുന്നതില്‍ കാര്യമില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പിണറായി വിജയനും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് മുന്‍എംഎല്‍എ പി സി ജോര്‍ജ്ജ് രംഗത്തെത്തി. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മാനനനഷ്ടത്തിന് കേസ് കൊടുക്കും. ചോദ്യം ചെയ്യുന്നവരെ അകത്താക്കുകയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. കേസില്‍ തന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഫാരീസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വന്‍ സാമ്പത്തിക റാക്കറ്റുണ്ടെന്നും മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോഴൊക്കെ അദ്ദേഹത്തിന് പിന്നാലെ മകളും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പിണറായി വിജയന്‍ രാജ്യങ്ങളില്‍ സന്ദര്‍ശിതക്കുന്നതിന് മുമ്പോ അതിനു ശേഷമോ ആണ് മകള്‍ പോകുന്നത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ ഇ ഡി അന്വേഷിക്കണംമെന്നും പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ ഇഡി തെളിയിക്കട്ടെ തെളിവുകളെല്ലാം ഇഡിക്ക് നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയെ കാണുമെന്നും ജോര്‍ജ്ജ് പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് ജോര്‍ജിനെ അപ്രതീക്ഷിതമായി തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി പ്രോസിക്യൂഷന്‍വാദങ്ങള്‍ തള്ളി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.