നടിക്ക് പൂർണ പിന്തുണ നൽകും; തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ലെന്ന് വീണാ ജോർജ്

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ലെന്നും റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിൽ മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലെ വസ്തുതകൾ പരിശോധിക്കണമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ നിജസ്ഥിതി മനസിലാക്കണം. അതിന് ശേഷം തുടർ നടപടികൾ എടുക്കും. ചില മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണ് സർക്കാരിന് മുന്നിലുളളതെന്നും ഉത്തരവാദിത്തപ്പെട്ട സർക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികൾ എടുക്കാൻ സാധിക്കു എന്നും മന്ത്രി വ്യക്തമാക്കി.

ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എത്തിയത്‍. ‘പലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങള്‍ എന്നീ കാര്യങ്ങള്‍ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയില്‍ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു.

Read more