മതനേതൃത്വത്തിന്റേത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത പ്രവൃത്തി; പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തെ അപലപിച്ച് വനിതാ കമ്മീഷന്‍

മതനേതാവ് പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് ഇറക്കിവിട്ടത് അപലപനീയമാണെന്ന് വനിത കമ്മീഷന്‍. മത നേതൃത്വത്തിന്റേത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത പ്രവൃത്തിയാണെന്നും ഇതിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു.

അതേസമയം സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധ നിലപാടിനോട് കോണ്‍ഗ്രസിന് യോജിക്കാന്‍ കഴിയില്ല. വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ വിഷയത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മദ്രസ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതാണ് ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്. സംഘാടകര്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചു. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാര്‍ ദേഷ്യപ്പെടുകയായിരുന്നു.

‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. രക്ഷിതാവിനോട് വരാന്‍ പറയ്’ എന്ന് അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരോട് പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി പേരാണ് ഇതേ തുടര്‍ന്ന് വിമര്‍ശനവുമായി രംഗത്തെത്തിയത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് തലവനാണ് അബ്ദുള്ള മുസ്ലിയാര്‍.