'തെളിവായി ഒരു കീറ കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിട്ടില്ല'; മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഒരു വാദവും നിലനില്‍ക്കില്ലെന്ന് കോടതി; റിപ്പോര്‍ട്ടര്‍ ടിവി ഉടമകളെ 'നിര്‍ത്തിപൊരിച്ച്' അപ്പീല്‍ തള്ളിയ വിധി

വയനാട് മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളുടെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഉന്നയിച്ച വാദങ്ങളൊന്നും കോടതിയില്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി രൂക്ഷമായ ഭാഷയിലാണ് പ്രതികള്‍ക്കെതിരെ പ്രതികരിച്ചത്. അന്വേഷണത്തിലും നടപടികളിലും വനംവകുപ്പിന്റെ നിലപാടുകള്‍ ശരിവെച്ച കോടതി റിപ്പോര്‍ട്ടര്‍ ടിവി ഉടമകള്‍ കൂടിയായ പ്രതികള്‍ക്ക് നേര്‍ക്ക് പരിഹാസം ചൊരിയാനും മടിച്ചില്ല. പിടിച്ചെടുത്ത തടികള്‍ സര്‍ക്കാരിന്റേതല്ല എന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ലെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നുണ്ട്.

പിടിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ വനവിഭവമാണോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് നിയമപരമായ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വനവിഭവങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കോടതി എടുത്തുപറഞ്ഞു.കേസിലെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണം നിലവിലുള്ള നിയമങ്ങളെ സംബന്ധിച്ചുള്ളതാണ്. നാട്ടിലെ നിയമങ്ങളെ സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ടോ സര്‍ക്കുലറുകള്‍ കൊണ്ടോ മറികടക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിലെ ചീഫ് സെക്രട്ടറിയും അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ജയതിലക് ഇറക്കിയ വിവാദ സര്‍ക്കുലര്‍ ഉപയോഗിച്ചാണ് പ്രതികള്‍ മരംമുറി നടത്തിയത്. എന്നാല്‍ ഇത്തരം സര്‍ക്കുലറുകള്‍ക്ക് നിയമപരമായ സാധുതയേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

2020-21 കാലയളവില്‍ റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച വിവാദ ഉത്തരവിന്റെ മറപിടിച്ചാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് വന്‍തോതില്‍ ഈട്ടിത്തടികള്‍ മുറിച്ചു കടത്തിയത്. പൊലീസ് ഫയല്‍ ചെയ്ത പല കേസുകളിലും ഇനിയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഏകദേശം പതിനഞ്ച് കോടി രൂപയോളം വിലമതിക്കുന്ന ഈ തടികള്‍ നിലവില്‍ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

‘സൂര്യ ടിമ്പേഴ്സ്’ എന്ന പേരില്‍ തടിക്കച്ചവടം നടത്താന്‍ തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നായിരുന്നു പ്രതികളുടെ മറ്റൊരു വാദം. എന്നാല്‍, ഇതിനാവശ്യമായ വനംവകുപ്പിന്റെ പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്ട്രേഷനോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ ഡി.എഫ്.ഒയുടെ നടപടി നിയമപരവും മുന്‍കാല കോടതി വിധിന്യായങ്ങള്‍ക്ക് അനുസൃതവുമാണെന്ന് കോടതി വിധിച്ചു.തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഡി.എഫ്.ഒ നോട്ടീസ് നല്‍കിയിട്ടില്ലെന്ന പ്രതികളുടെ വാദവും കോടതി തള്ളിക്കളഞ്ഞു. ഹിയറിങ്ങിനായി പലതവണ നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ഹാജരാവുകയോ മറുപടി നല്‍കുകയോ ചെയ്തില്ലെന്ന് കോടതി നിരീക്ഷിച്ചു.

റിപ്പോര്‍ട്ടര്‍ ടിവി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനും ചാനല്‍ വൈസ് ചെയര്‍മാന്‍ ജോസ്‌കുട്ടി അഗസ്റ്റിനുമുള്‍പ്പെട്ട മുട്ടില്‍ മരം മുറി കേസില്‍ കോടതികളില്‍ നിന്നുള്ള തിരിച്ചടി തുടര്‍കഥയാവുകയാണ്. നേരത്തെ മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട് ഏതാനും മാധ്യമങ്ങളിലെ വാര്‍ത്തകള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച റിപ്പോര്‍ട്ടര്‍ ടിവി മാനേജ്മെന്റിന് ബെംഗളൂരു കോടതി പിഴയിട്ടിരുന്നു. ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് പതിനായിരം രൂപ പിഴയിട്ടത്. നീക്കിയ വാര്‍ത്തകള്‍ സംബന്ധിച്ച ലിങ്കുകള്‍ ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി ഡയറക്ടര്‍മാരായ അഗസ്റ്റിന്‍ സഹോദരന്മാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരേയാണ് മാനേജ്മെന്റ് കോടതിയെ സമീപിച്ചത്.

വാര്‍ത്താവിലക്ക് കേസില്‍ എതിര്‍കക്ഷികള്‍ ശക്തമായി രംഗത്ത് വന്നതോടെ റിപ്പോര്‍ട്ടര്‍ ടി വി ഉടമകളെ കോടതിയില്‍ അഭിഭാഷകന് തള്ളിപ്പറയേണ്ടി വന്നിരുന്നു. തന്റെ കക്ഷികള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസുകളില്‍ പ്രതികളാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ആ വിവരം അറിയാതെയാണ് കേസുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്ന അപേക്ഷ കോടതിയില്‍ നല്‍കിയതെന്നും ബെംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയെ അഭിഭാഷകന്‍ അറിയിച്ചു തടിതപ്പാന്‍ നോക്കി. മുട്ടില്‍ മരം മുറി, മാംഗോ ഫോണ്‍ തട്ടിപ്പ് കേസുകളില്‍ റിപ്പോര്‍ട്ടര്‍ ഉടമകള്‍ പ്രതിയാണെന്ന കാര്യം അറിയാതെയാണ് വാര്‍ത്താ വിലക്ക് ഹര്‍ജി ഫയല്‍ ചെയ്തതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്താ വിലക്ക് ഉത്തരവ് നേടുകയാണ് റിപ്പോര്‍ട്ടര്‍ ഉടമകള്‍ ചെയ്തതെന്ന ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികളുടെ വാദത്തിന് മറുപടിയായാണ് തന്നെയും കക്ഷികള്‍ കബളിപ്പിക്കുകയായിരുന്നെന്ന് അഭിഭാഷകന്‍ വ്യക്തമാക്കിയത്.

Read more

പരാതിക്കാരുടെ നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി നീതിന്യായ പ്രക്രിയയുടെ കടുത്ത ദുരുപയോഗം എന്നാണ് വാര്‍ത്താ വിലക്ക് ഹര്‍ജിയെ വിശേഷിപ്പിച്ചത്.