വിദ്വേഷ പ്രസംഗത്തില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ജാമ്യം എതിര്‍ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പോലും മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരായില്ല എന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി. ഏതൊരു വര്‍ഗീയവാദിയും പറയാന്‍ അറയ്ക്കുന്ന വാക്കുകളാണ് പിസി ജോര്‍ജ് ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആര്‍ക്കും എന്തും പറയാനും ചെയ്യാനും കഴിയുന്ന അവസ്ഥാ വിശേഷമാണ് ഇവിടെയുള്ളത്. അവക്കെല്ലാം അറുതി വരുത്തേണ്ടത് നാടിന്റെ നിലനില്‍പിന് ആവശ്യമാണ്. പി സി ജോര്‍ജിനെ പോലുള്ളവര്‍ ചെയ്തുവരുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ് . മറ്റൊരാള്‍ക്കും അത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയാത്ത വിധം നിയമം മുഖേന ചെയ്യാവുന്ന എല്ലാ കര്‍ക്കശമായ നടപടികളും ജോര്‍ജിന്റെ പേരില്‍ എടുക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഗുരുതരമായ സ്ഥിതിവിശേഷമാണ് പി.സി.ജോര്‍ജ് ഉണ്ടാക്കിയിട്ടുള്ളത്. കൊട്ടിയാഘോഷിച്ച് അറസ്റ്റ് ചെയ്തിട്ട് എന്ത് സംഭവിച്ചു ? ജാമ്യത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പോലും മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരായില്ല എന്നത് അമ്പരപ്പിക്കുന്ന ഒരു കാര്യമാണ്.
ഏതൊരു വര്‍ഗീയവാദിയും പറയാന്‍ അറയ്ക്കുന്ന വാക്കുകളാണ് പിസി ജോര്‍ജ് ഉപയോഗിച്ചിട്ടുള്ളത് . ഈയിടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ അശിഷ് മിശ്രയുടെ ജാമ്യം അനുവദിച്ച കോടതി നടപടിയെ ശക്തമായി എതിര്‍ത്തുകൊണ്ട് സുപ്രീം കോടതി നടത്തിയ വിധിയെഴുത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
ഇവിടെ ആര്‍ക്കും എന്തും പറയാനും ചെയ്യാനും കഴിയുന്ന അവസ്ഥാ വിശേഷം വന്നിട്ടുണ്ട്. അവക്കെല്ലാം അറുതി വരുത്തേണ്ടത് നാടിന്റെ നിലനില്‍പിന് തന്നെ ആവശ്യമാണ് . പി സി ജോര്‍ജിനെ പോലുള്ളവര്‍ ചെയ്തുവരുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ് . മറ്റൊരാള്‍ക്കും അത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയാത്ത വിധം നിയമം മുഖേന ചെയ്യാവുന്ന എല്ലാ കര്‍ക്കശമായ നടപടികളും ജോര്‍ജിന്റെ പേരില്‍ എടുക്കേണ്ടതാണ്.