കോവിഷീല്‍ഡിന്റെ 84 ദിവസത്തെ ഇടവേള കുറയ്ക്കില്ല; ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള കുറച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ക്കിടയിലുള്ള 84 ദിവസത്തെ ഇടവേള സിംഗിള്‍ ബെഞ്ച് 30 ദിവസമാക്കി കുറച്ചിരുന്നു. ഈ ഉത്തരവാണ് റദ്ദാക്കിയത്.

വാക്‌സിനുകളുടെ ഇടവേള 30 ദിവസമാക്കി കുറച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കേടതിയില്‍ അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണു നടപടി.

സ്വന്തം പണം മുടക്കി ആവശ്യപ്പെടുന്നവര്‍ക്ക് നാലാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കിറ്റെക്‌സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ച് കൊണ്ടാണ് ഇടവേള 30 ദിവസമാക്കി കുറച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയത്.

ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത് 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര വാക്‌സിന്‍ പോളിസി അനുസരിച്ച് ഇടവേള ചുരുക്കാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ വാദിച്ചു. ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് 12 മുതല്‍ 16 ആഴ്ച വരെ ഇടവേള വേണമെന്നാണ് ശാസ്ത്രീയ പഠനം. 28 ദിവസം കഴിഞ്ഞു രണ്ടാം ഡോസ് എടുക്കുന്നത് ശാസ്ത്രീയമല്ല. ഇത് ഫലപ്രദമാകില്ല എന്നും കേന്ദ്രം അപ്പീലില്‍ പറഞ്ഞിരുന്നു.

ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ഉള്ളവരുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് വാക്‌സിന്‍ പോളിസി തയാറാക്കിയത് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ നയപരമായ തീരുമാനം എടുക്കേണ്ട വിഷയത്തില്‍ കോടതി ഇടപെടുന്നതിന് എതിരെയും കേന്ദ്രസര്‍ക്കാര്‍ വാദം ഉയര്‍ത്തിയിരുന്നു.