'മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ല'; ചെന്നിത്തലയുടെ പ്രതികരണത്തോട് തിരിച്ചടിച്ച് തരൂര്‍

മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി. രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് മറുപടിയായിട്ടാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. നാല് വര്‍ഷം കഴിഞ്ഞാല്‍ ആര് എന്താകുമെന്ന് ഇപ്പോഴേ പറയേണ്ടെന്നും, അങ്ങനെ എന്തെങ്കിലുമൊക്കെ കണ്ടു കോട്ട് തയ്ച്ചു വെച്ചിരിക്കുന്നവര്‍ ആ കോട്ട് ഊരി വെച്ചേക്കണമെന്നുമായിരുന്നു ചെന്നിത്തലയുടെ പരസ്യ പ്രതികരണം.

ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ല. കേരളത്തില്‍ കൂടുതല്‍ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ പരിപാടികളില്‍ പങ്കെടുക്കുന്നു. ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? ആര് പറഞ്ഞോ അവരോട് ചോദിക്കണം. ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ല- തരൂര്‍ പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസില്‍ ശശി തരൂരിന് ഇടം നല്‍കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ കെ.എസ് ശബരിനാഥന്‍ പറഞ്ഞു. ശശി തരൂരിന്റെ ജനസ്വാധീനം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തണം. തരൂര്‍ ആരുടെയും ഇടം മുടക്കില്ല. എല്ലാവര്‍ക്കും ഇടമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും തരൂരിന്റെ പരിപാടികളിലെ യുവസാന്നിധ്യം വലിയ പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ശശി തരൂരിനെ അംഗീകരിച്ച് സമസ്തയും. ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗിന് മേല്‍ നിര്‍ണ്ണായക സ്വാധീനമുളള മുസ്ളീം മത പണ്ഡിത സംഘടനയായ സമസ്ത ഇന്നലെ തങ്ങളുടെ ആസ്ഥാനത്തെത്തിയ ശശി തരൂരിന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് താന്‍ സമസ്ത ആസ്ഥാനത്തെത്തിയതെന്നും കൂടിക്കാഴ്ച നടത്തുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. സമസ്ത നേതൃത്വം ഇതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.