വൈദികന് മത-സാമൂഹിക വിലക്ക് ഏർപ്പെടുത്തി താമരശ്ശേരി രൂപത; ഉത്തരവ് പത്തു കൽപ്പനകളുമായി

പുരോഹിതന് മത, സാമൂഹിക വിലക്കേർപ്പെടുത്തി കത്തോലിക്ക സഭയുടെ നടപടി. താമരശേരി രൂപതാംഗമായ ഫാദർ അജി പുതിയാപറമ്പിലിനാണ് വിലക്ക് ഏർപ്പെടുത്തിയത്. താമരശേരി രൂപതാ അധ്യക്ഷനായ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഉത്തരവിറക്കിയത്. സഭാനേതൃത്വത്തെ വിമർശിച്ചതിന് നേരത്തെ ഫാദർ അജിയെ വിചാരണ ചെയ്യാൻ നേരത്തെ മതകോടതി സ്ഥാപിച്ച നടപടി ഏറെ വിവാദമായിരുന്നു.

സഭയുടെ പത്ത് കല്‍പ്പനകളാണ് ഉത്തരവിലുള്ളത്. പരസ്യമായ കുർബാന സ്വീകരണം പാടില്ല. ഒരാളുടെ മരണ സമയത്തല്ലാതെ, മറ്റാരെയും കുമ്പസാരിപ്പിക്കാൻ പാടില്ല. കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുർബാന അർപ്പിക്കാൻ പാടില്ല. മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുത് തുടങ്ങിയ നിർദേശങ്ങളാണ് ഉത്തരവിലുള്ളത്.

ബിഷപ്പിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു. സിനഡ് തീരുമാനം ധിക്കരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സഭ ഫാദര്‍ പുതിയാപറമ്പിലിനെതിരെ ചുമത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ വിചാരണ ചെയ്യാന്‍ നേരത്തെ താമരശേരി രൂപത സഭാ കോടതി സ്ഥാപിച്ചിരുന്നു. വിചാരണ നടപടിയുടെ ഭാഗമായാണ് മത -സാമൂഹ്യ വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സഭ നവീകരണത്തിനാണ് താന്‍ ശ്രമിച്ചതെന്നും വിലക്ക് അംഗീകരിക്കില്ലെന്നും ഫാദര്‍ അജി പുതിയാ പറമ്പില്‍ പ്രതികരിച്ചു.