തലശേരി ഇരട്ടക്കൊലപാതകം; മുഖ്യപ്രതി പാറായി ബാബു പിടിയില്‍

തലശേരിയില്‍ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു പിടിയില്‍. തലശ്ശേരി എസിപി നിഥില്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയില്‍നിന്നാണ് ബാബുവിനെ പിടികൂടിയത്. ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു.

ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടി. തലശ്ശേരി സ്വദേശികളായ ജാക്ക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരീഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ നെട്ടൂര്‍ പൂവനാഴി വീട്ടില്‍ ഷമീര്‍ (40) എന്നിവരാണു മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് നിട്ടൂര്‍ സാറാസ് വീട്ടില്‍ ഷാനിബിനെ (29) തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് മൂവര്‍ക്കും കുത്തേല്‍ക്കുന്നത്. ബാബുവും ജാക്‌സണുമാണ് കുത്തിയതെന്നാണ് ഖാലിദിന്റെ മരണ മൊഴി. കൊലപാതകം ലഹരി വില്‍പന തടഞ്ഞതിനുള്ള വിരോധ മൂലമെന്ന് പൊലീസ് പറയുന്നു.

ലഹരിവില്പന ചോദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ആക്രമിച്ചിരുന്നു. പരിക്കേറ്റ ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേന എത്തിയ ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു.