കോണ്‍ഗ്രസുകാര്‍ക്ക് എതിരായ തീവ്രവാദ പരാമര്‍ശം, രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മോഫിയ കേസുമായി ബന്ധപ്പെട്ട് ആലുവയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ആലുവ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ആര്‍ വിനോദ്, ഗ്രേഡ് എസ്‌ഐ രാജേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഡിഐജിയുടേതാണ് നടപടി. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുനമ്പം ഡിവൈഎസ്.പിയോട് ആവശ്യപ്പെട്ടു.

മോഫിയയുടെ മരണത്തില്‍ ആരോപണം നേരിട്ട ആലുവ സിഐ സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം ചെയ്തിരുന്നു. സമരം ചെയ്തതിന് പിന്നാലെ അറസ്റ്റിലായ പ്രാദേശിക നേതാക്കളായ അല്‍ അമീന്‍, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലായിരുന്നു പൊലീസിന്റെ തീവ്രവാദ പരാമര്‍ശം. സമരത്തിനിടെ പ്രവര്‍ത്തകര്‍ ഡിഐജിയും കാര്‍ നശിപ്പിക്കുകയും, ജലപീരങ്കിക്ക് മുകളില്‍ കൊടി വയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ പൊതുമുതല്‍ നശിപ്പിച്ച കേസിന് 12 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവരില്‍ അറസ്റ്റിലായ 3 പേര്‍ക്കെതിരെയാണ് തീവ്രവാദ ബന്ധം ആരോപിച്ചത്.

ജലപീരങ്കിയുടെ മുകളില്‍ ഇവര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ ചെയ്തതെന്ന് കണ്ടെത്തണമെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞത്. ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു പൊലീസിന്റെ പരാമര്‍ശം. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളി കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. സമരവുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും ഇത്തരം പരാമര്‍ശം നടത്തിയട്ടില്ല. പൊലീസിന്റെ ഈ വാദം ഗൂഢലക്ഷ്യത്തോടെ ഉള്ളതാണെന്ന് ആഭ്യന്തര അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

കെഎസ്.യു ആലുവ മണ്ഡലം പ്രസിഡന്റാണ് അല്‍ അമീന്‍. നജീബ കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റും, അനസ് ബൂത്ത് വൈസ് പ്രസിന്റുമാണ്. സമരം ചെയ്യുന്നവരെ തീവ്രവാദിയാക്കുന്ന പൊലീസ് നയം അംഗീകരിക്കാനാവില്ലെന്നും, അത് കേരളത്തിന് തന്നെ അപമാനമാണെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ ആരോപിച്ചിരുന്നു.