വ്യവസായസൗഹൃദ അന്തരീക്ഷം സംബന്ധിച്ച അവകാശവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) ഇപ്പോൾ റാങ്ക് നൽകുന്നില്ലെന്ന് മന്ത്രി അറിയിച്ചു. അഞ്ച് വർഷം മുമ്പ് റാങ്കിങ് നിർത്തലാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.
കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി എഴുതിയ ലേഖനം വലിയ ചർച്ചയായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പ്രതികരണം. ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം എന്നിങ്ങനെ ഇപ്പോൾ റാങ്ക് നൽകാറില്ല. അനായാസം ബിസിനസ് ചെയ്യാൻ എല്ലാ സംസ്ഥാനങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യാറെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഒരു ഫ്രെയിം വർക്ക് ഉണ്ടാക്കി അത് എല്ലാം സംസ്ഥാനങ്ങൾക്കും നൽകും. അത് നടപ്പിലാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. എങ്ങനെ അത് നടപ്പിലാക്കുന്നുവെന്ന് നിരന്തരം നിരീക്ഷിച്ചു കൊണ്ടേയിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി എഴുതിയ ലേഖനം വലിയ വിവാദമായിരുന്നു. വ്യവസായ രംഗത്ത് കേരളം വലിയ വളർച്ച നേടിയെന്നായിരുന്നു അവകാശവാദം. ഇതിനെ എതിർത്തും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.