ജോലി സമയത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. കാസർകോട് ജില്ലയിലെ ഹൈസ്കൂൾ പ്രഥമ അധ്യാപകർക്കാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശം കൈമാറിയത്. ജോലിക്കിടയിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവരൂപീകരണത്തെയും സാരമായി ബാധിക്കുന്നുവെന്നും സൂചിപ്പിച്ച് വ്യാപക പരാതി ലഭിച്ചതിന്റെ സാഹചര്യത്തിലാണ് വിലക്ക്.
ജോലി സമയത്ത് അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലായെന്നും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടപെടുന്നില്ലെയെന്നും പ്രധാനാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണെന്നും കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വ്യക്തമാക്കി.
ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടുള്ളതല്ല എന്നും വിദ്യാഭ്യാസ ഓഫീസറുടെ സ്കൂൾ സന്ദർശന വേളയിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ശ്രദ്ധയിൽപ്പെടുത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.







