നികുതി വെട്ടിപ്പെന്ന് പരാതി; എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ ജിഎസ്ടി പരിശോധന

ഉടുമ്പന്‍ചോല എംഎല്‍എയും മുന്‍ മന്ത്രിയുമായ എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ ജിഎസ്ടി വകുപ്പ് പരിശോധന നടത്തുന്നു.
എംഎം മണിയുടെ സഹോദരന്‍ ലംബോദരന്റെ ഉടമസ്ഥതയിലുള്ള അടിമാലി ഇരുട്ടുകാനത്ത് പ്രവര്‍ത്തിക്കുന്ന ഹൈ റേഞ്ച് സ്‌പൈസസില്‍ ആണ് ജിഎസ്ടി വകുപ്പ് പരിശോധന നടത്തുന്നത്.

സ്ഥാപനത്തില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ജിഎസ്ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലെത്തി പരിശോധന നടത്തുന്നത്. സ്ഥാപനത്തില്‍ ഒന്‍പത് ജീവനക്കാരുണ്ട്. ഇവരെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് കൂടാതെ തൊഴിലാളികളുടെ ഫോണുകളും ഉദ്യോഗസ്ഥര്‍ പിടിച്ചുവച്ചിരിക്കുകയാണ്.

ലംബോദരനെ സ്ഥാപനത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹൈ റേഞ്ച് സ്‌പൈസസ്. എംഎം മണിയുടെ സഹോദരന്‍ ലംബോദരനെതിരെ ഇതിന് മുന്‍പും വിവാദങ്ങളുയര്‍ന്നിട്ടുണ്ട്. ഭാര്യയുടെ പേരില്‍ ഇരുട്ടുകാനത്ത് സിപ് ലൈന്‍ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് വിവാദമുയര്‍ന്നത്.