ടി ശരത്ചന്ദ്ര പ്രസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; രാജി സ്വീകരിക്കില്ല, ചര്‍ച്ച നടത്തുമെന്ന് നേതൃത്വം

കെപിസിസി എക്‌സിക്യൂട്ടിവ് അംഗം ടി ശരത്ചന്ദ്ര പ്രസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ശരത്ചന്ദ്ര പ്രസാദിന് ഇത്തവണ തിരഞ്ഞെടുപ്പ് ചുമതലകള്‍ ലഭിച്ചിരുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന നിരന്തര അവഗണനയെ തുടര്‍ന്നാണ് രാജിയെന്നാണ് ലഭിക്കുന്ന സൂചന. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്തെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് പോയിരുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതല കെപിസിസി ഭാരവാഹികള്‍ക്കും എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ ശരത്ചന്ദ്ര പ്രസാദിന് ചുമതലകളൊന്നും നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ശരത്ചന്ദ്ര പ്രസാദ് രാജി വച്ചത്.

അതേസമയം രാജി സമര്‍പ്പിച്ചത് സമ്മര്‍ദ്ദ തന്ത്രമായാണ് വിലയിരുത്തുന്നത്. കെപിസിസി എക്‌സിക്യൂട്ടിവ് അംഗം കൂടിയായ ശരത്ചന്ദ്ര പ്രസാദ് രാജി സമര്‍പ്പിക്കേണ്ടത് കെപിസിസി നേതൃത്വത്തിനാണ്. എന്നാല്‍ ശരത്ചന്ദ്ര പ്രസാദ് രാജി സമര്‍പ്പിച്ചിരിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായ രമേശ് ചെന്നിത്തലയ്ക്കാണ്.

രാജി സ്വീകരിക്കില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ഇല്ലാതാക്കുമെന്നാണ് കെപിസിസി നേതൃത്വം അറിയിക്കുന്നത്. നേരത്തെ ശരത്ചന്ദ്ര പ്രസാദ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. നിലവില്‍ ഇത്തരം ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.