നെയ്യാറ്റിന്‍കരയിലെ വി.എച്ച്.പി റാലിയില്‍ വാളുകളേന്തി പെണ്‍കുട്ടികള്‍; ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടെന്ന് ടി.എന്‍ പ്രതാപന്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി റാലിയില്‍ കയ്യില്‍ വാളുകളുമായി പെണ്‍കുട്ടികള്‍ അണിനിരന്ന സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് ടി എന്‍ പ്രതാപന്‍ എം പി. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്താണ് ഇത്തരം പ്രകടനങ്ങളുടെ ഉദ്ദേശം ? വിധ്വേഷവും, ഭീതിയും വിതച്ചും കൊയ്തും അപരനിര്‍മ്മിതി നടത്തിയും നമ്മുടെ നാടിനെ നശിപ്പിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി സംഘടിപ്പിച്ച റാലിയില്‍ വാളുകളേന്തി പെണ്‍കുട്ടികള്‍ അണിനിരന്നത് കാണാന്‍ കഴിഞ്ഞു. എന്താണ് ഇത്തരം പ്രകടനങ്ങളുടെ ഉദ്ദേശം? വിധ്വേഷവും, ഭീതിയും വിതച്ചും കൊയ്തും അപരനിര്‍മ്മിതി നടത്തിയും നമ്മുടെ നാടിനെ നശിപ്പിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും? മതരാഷ്ട്രവാദികള്‍ക്ക് ഭാരതത്തിന്റെ മഹത്വം മനസ്സിലാകില്ല. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് തീര്‍ച്ചയാണ്.