ഡോ ഹാരിസിന്റെ വെളിപ്പെടുത്തൽ ഫലം കണ്ടു; മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഹൈദരാബാദിൽ നിന്നെത്തിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ എത്തിച്ചത്. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികൾ സംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പിൽ പരാതിയുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ രംഗത്തെത്തിയിരുന്നു. ഡോ ഹാരിസിൻ്റെ തുറന്നുപറച്ചിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നു. പാവപ്പെട്ട രോഗികൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കുന്ന താൻ ജോലിരാജിവെയ്ക്കുന്ന കാര്യം ആലോചിക്കുന്നതായും ഡോക്‌ടർ കുറിപ്പിൽ പറഞ്ഞിരുന്നു.

Read more

ഡോ. ഹാരിസ് സത്യസന്ധനാണെന്നും പ്രശ്‌നം സിസ്റ്റത്തിനായിരുന്നുവെന്നും സമഗ്രാന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ അധ്യക്ഷനായ നാലംഗ സമിതിയെയായിരുന്നു നിയോഗിച്ചത്. അതേസമയം ഡോക്ടേഴ്‌സ് ദിനത്തിൽ ഒരുകൂട്ടം ഡോക്‌ടർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം നടത്തുന്നുണ്ട്.