'സുരേഷ്‌ കുമാറിന്റെ കത്ത് ലഭിച്ചിരുന്നു, സിനിമാക്കാർ സമരത്തിലേക്ക് പോകേണ്ടതില്ല'; മന്ത്രി സജി ചെറിയാൻ

സിനിമാ രംഗത്തെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് നിർമാതാവ് ജി സുരേഷ്‌ കുമാറിന്റെ കത്ത് ലഭിച്ചതായി സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ. സിനിമാ നിർമാതാക്കൾ സമരത്തിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു. നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

സമരത്തിന് ആധാരമായ വിഷയങ്ങൾ എന്താണെന്ന് ബോധ്യപ്പെട്ടുവരുന്നതേയുള്ളൂ. സിനിമാക്കാർ സമരത്തിലേക്ക് പോകേണ്ട വിഷയമൊന്നുമില്ല. അവർ തമ്മിൽ പ്രശ്‌നമുണ്ടെങ്കിൽ അവർ തന്നെ പരിഹരിക്കട്ടെ. പല സിനിമകളും ലാഭകരമായിത്തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി അറിയിച്ചു.

‘മൂന്ന് കാര്യങ്ങൾ ആവശ്യപ്പെട്ട് ഒരു കത്ത് സുരേഷ്‌ കുമാർ തന്നിരുന്നു. അത് പരിശോധിക്കാനായി അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഒന്ന്. അത് കൈകാര്യം ചെയ്യേണ്ടത് ധനകാര്യവകുപ്പാണ്. അത് അവരുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിയും. മറ്റ് രണ്ടുകാര്യങ്ങൾ സിനിമയുമായി ബന്ധപ്പെട്ടതാണ് അത് വകുപ്പുതലത്തിൽ ചർച്ച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കും’- മന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ സംഘടനകൾ സമരവുമായി മുന്നോട്ടുപോകാനുള്ള സാധ്യതയില്ല. ഫെഫ്ക ഉൾപ്പെടെയുള്ള സംഘടനകളുടെ പൂർണ പിന്തുണ ലഭിച്ചെങ്കിൽ മാത്രമേ സമരം മുന്നോട്ടുപോകൂ. സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചില്ല എന്ന വിമർശനങ്ങൾ കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ ഉന്നയിച്ചിരുന്നു. പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു.

Read more