'അത് തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? '; വന്ദേ ഭാരത് ട്രെയിനില്‍ ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണെന്ന് സുരേഷ് ഗോപി; 'സംഗീതമാണ്, ആസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കാതു തിരിക്കൂ'

വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ഥികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണെന്നും അതിനു പിന്നിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഗീതത്തിനു ജാതിയോ മതമോ ഇല്ല. കുട്ടികള്‍ സന്തോഷം ആഘോഷിക്കുകയായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. അത് തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

”ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണ്. അതിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകും. സംഗീതത്തിനു ഭാഷയോ ജാതിയോ മതമോ ഇല്ല. സംഗീതം ആസ്വദിക്കാന്‍ പറ്റണം. അത് തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? സംഗീതമാണ്, അസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കാതു തിരിക്കൂ, ഹൃദയം തിരിക്കൂ. അത്രയുള്ളൂ. കുട്ടികള്‍ അവരുടെ സന്തോഷം ആഘോഷിക്കുകയാണ് ചെയ്തത്. ആ കുട്ടികളുടെ മനസ്സിലേക്ക് അവരാണ് വിഷം കുത്തിവയ്ക്കുന്നത്. അത് നിര്‍ത്തൂ. എസ്സി എസ്ടി ഉന്നതികളിലെ ദുരവസ്ഥയാണ് പരിഹരിക്കപ്പെടേണ്ടത്”

Read more

എറണാകുളം ബെംഗളൂരു വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടന സ്‌പെഷല്‍ യാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ട്രെയിനില്‍ ഗണ ഗീതം പാടുന്ന വിഡിയോയാണ് വിവാദമായത്. ദക്ഷിണ റെയില്‍വേ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ ദൃശ്യം നീക്കം ചെയ്‌തെങ്കിലും രാത്രി വീണ്ടും പോസ്റ്റ് ചെയ്തു. വന്ദേഭാരത് ട്രെയിനില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കിയത്. ഈ സംഭവത്തിലാണ് ഗണഗീതം പാടിപ്പിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം.