സജീവന്റെ ആത്മഹത്യ; ആറ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം പറവൂരില്‍ ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഫോര്‍ട്ട് കൊച്ചി ആര്‍.ഡി. ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. മത്സ്യതൊഴിലാളിയായ സജീവന്റെ ഭൂമി തരം മാറ്റാനുള്ള അപേക്ഷയില്‍ കാലതാമസം വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സി.ആര്‍ ഷനോജ്, ജൂനിയര്‍ സൂപ്രണ്ട് സി.ജെ ഡല്‍മ, സീനിയര്‍ ക്ലര്‍ക്ക് ഒ.ബി അഭിലാഷ്, സെക്ഷന്‍ ക്ലര്‍ക്ക് മുഹമ്മദ് അസ്ലം, , സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് കെ.സി നിഷ, എല്‍.ഡി ടൈപ്പിസ്റ്റ് ടി.കെ ഷമീം എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

ആര്‍. ഡി ഓഫീസില്‍ നേരിട്ടെത്തി ജോയിന്റ് കമ്മീഷണര്‍ തെളിവെടുപ്പ് നടത്തിയിരുന്നു. തപാല്‍ വിഭാഗം അപേക്ഷ 81 ദിവസം വൈകിപ്പിച്ചു. പിന്നീട് സെക്ഷന്‍ ക്ലാര്‍ക്ക് വീണ്ടും രണ്ടര മാസം കാലതാമസം വരുത്തിയിട്ടുണ്ട്. സജീവനെ അപേക്ഷയില്‍ സ്വീകരിച്ച് നടപടികളെ കുറിച്ച് അറിയിച്ചിരുന്നല്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷമം നടത്തും.

ഫെബ്രുവരി രണ്ടിനായിരുന്നു പറവൂര്‍ മാല്യങ്കര സ്വദേശി സജീവന്‍ ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ സംവിധാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചാണ് സജീവന്‍ ജീവനൊടുക്കിയത്. സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥ മനോഭാവവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭൂമി തരം മാറ്റാനായി ഒരു വര്‍ഷമായി ശ്രമിച്ചിട്ടും നടന്നില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. നിരവധി തവണ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സജീവന്റെ കുടുംബം റവന്യുമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കിയിരുന്നു.

സംഭവത്തിന് പിന്നാലെ സജീവന്റെ ഭൂമി തരംമാറ്റി നല്‍കിയിരുന്നു. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് സജീവന്റെ വീട്ടിലെത്തി രേഖകള്‍ കൈമാറുകയായിരുന്നു.