പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാന്‍ നടന്നാല്‍ തല്ലിക്കൊല്ലാന്‍ ആളുണ്ടാകും; സുധാകരന് എതിരെ കെ. പി അനില്‍കുമാര്‍

കെ സുധാകരനെതിരെ കൊലവിളി പരാമര്‍ശവുമായി കെ പി അനില്‍കുമാര്‍ രംഗത്ത്. സുധാകരന്‍ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാന്‍ നടന്നാല്‍ സുധാകരനെ തല്ലിക്കൊല്ലാന്‍ ഈ കേരളത്തില്‍ ആളുകളുണ്ടെന്നുമായിരുന്നു അനില്‍ കുമാറിന്റെ പ്രസംഗം. കൊലകൊല്ലിയെ പോലെയാണ് സുധാകരന്‍ കേരളത്തില്‍ നടക്കുന്നതെങ്കില്‍ ആ കൊമ്പ് കേരളത്തിന്റെ മണ്ണില്‍ കുത്തിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൊലപാതകത്തിനു പ്രേരണ നല്‍കിയത് കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും സിപിഎം അംഗവുമായ കെ.പി. അനില്‍കുമാര്‍ പറഞ്ഞു.

അക്രമരാഷ്ട്രീയ ആരോപണങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ നടക്കുന്ന ആരോപണപ്രത്യാരോപണങ്ങള്‍ നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് വിട്ട അനില്‍കുമാറിന്റെ പരാമര്‍ശം. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായതിന് പിന്നാലെ അച്ചടക്കലംഘനം നടത്തി പാര്‍ട്ടി വിട്ട് സിപിഎമ്മിലെത്തിയതാണ് അനില്‍കുമാര്‍.

സുധാകരനെതിരെ കൊലപാതക പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നും, അല്ലെങ്കില്‍ നാട്ടില്‍ കലാപമുണ്ടാകുമെന്നും അനില്‍കുമാര്‍ പറഞ്ഞു. നിഖില്‍ പൈലിക്ക് നല്‍കിയ കത്തി നാളെ ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടെയും നെഞ്ചില്‍ സുധാകരന്‍ കുത്തിയിറക്കുമെന്നും അനില്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ അനില്‍കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.