'സുധാകരന്‍ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുള'; ക്രിമിനലിസം കൊണ്ട് സി.പി.എമ്മിനെ തകര്‍ക്കാനാകില്ലെന്ന് എ.കെ ബാലന്‍

കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് മുന്‍മന്ത്രി എ കെ ബാലന്‍. ക്രിമിനലിസം കൊണ്ട് സിപിഎമ്മിനെ തകര്‍ക്കാനാകില്ലെന്നും ബാലന്‍ പറഞ്ഞു. കെ എസ് യുവിന് ഉണ്ടായ തകര്‍ച്ച കോണ്‍ഗ്രസിനും സംഭവിക്കുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ട ധീരജിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ കെ ബാലന്‍.

അതിനിടെ വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് അത് കൈയും കെട്ടിനോക്കി നില്‍ക്കുമെന്ന് കരുതരുതെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. അണികളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം നേതൃത്വം തയ്യാറാകണം. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനും നേതാക്കള്‍ക്കും പിണറായി വിജയന്റെ പൊലീസിന് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഭംഗിയായി നിറവേറ്റാന്‍ പതിനായിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നദ്ധരാണെന്നും ഉമ്മാക്കി കാട്ടി  കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് സിപിഎം കരുതിയെങ്കില്‍ അത് വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ് എന്നും സുധാകരന്‍ പറഞ്ഞു.