പാര്‍വതി തിരുവോത്ത് അടക്കമുള്ളവര്‍ കെ.ആര്‍ നാരായണന്‍ കാമ്പസില്‍; സമരമുഖത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി ഡബ്ല്യു.സി.സി

സംവരണ മാനദണ്ഡം അട്ടിമറിച്ചെന്ന കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പിന്തുണയുമായി ഡബ്ല്യൂസിസി അംഗങ്ങളും. നടി പാര്‍വതി തിരുവോത്ത് അടക്കമുള്ളവര്‍ കാമ്പസില്‍ നേരിട്ടെത്തിയാണ് പിന്തുണ നല്‍കിയത്.

സിനിമ പഠിക്കുമ്പോഴും, സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴും, സര്‍ഗ്ഗശക്തിയെ ക്ഷയിപ്പിക്കാത്ത ചുറ്റുപാടുണ്ടാവുക എന്നത് വളരെ അനിവാര്യമാണ്. മൗലികാവകാശങ്ങള്‍ നിഷേധിക്കല്‍, വിവേചനം, സുരക്ഷിതത്വം ഇല്ലായ്മ, തുടങ്ങിയ സ്ഥിതിഗതികള്‍ നിലനില്‍ക്കുന്ന ഇടങ്ങള്‍, ‘സിനിമ’ എന്ന സമഗ്രമായ കലയുടെയും, അതില്‍ പങ്കുകൊള്ളുന്നവരുടേയും, വളര്‍ച്ചക്ക് വിലങ്ങുതടിയാണെന്ന് നമുക്കേവര്‍ക്കും അറിയാം. ഈ അറിവില്‍ ഊന്നിനിന്നുകൊണ്ട് തന്നെ , ജനാധിപത്യ ബോധത്തോടെ , അനീതികള്‍ക്കും ജാതി വിവേചനത്തിനുമെതിരെ സധൈര്യം പ്രതിഷേധിക്കുന്ന, കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ്‌ലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുവെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വ്യക്തമാക്കി.

സമരം ശക്തമായതോടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഉന്നത വിദ്യാഭാസ മന്ത്രി നിയോഗിച്ച കമ്മീഷന്‍ ക്യാമ്പസിലെത്തി തെളിവെടുത്തു. സംവരണം അട്ടിമറിച്ചതിനുള്ള തെളിവ് വിദ്യാര്‍ഥികള്‍ കമ്മീഷന് കൈമാറി.വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഡബ്ല്യു.സി.സി അംഗങ്ങളും ക്യാമ്പസിലെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഇതേതുടര്‍ന്നാണ് ഒരു കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ ക്യാമ്പസിലെത്തിയ കമ്മീഷന്‍ വിദ്യാര്‍ഥികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. ജാതി സംവരണം അട്ടിമറിച്ചതിന്റെ തെളിവുകള്‍ വിദ്യാര്‍ത്ഥികള്‍ കമ്മീഷന് കൈമാറി. എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‌സംവരണം അട്ടിമറിക്കാന്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ നല്‍കിയ കത്താണ് തെളിവായി നല്കിയത്. വീട്ടുജോലിയടക്കം ചെയ്യിപ്പിച്ച കാര്യങ്ങള്‍ജീവനക്കാരും കമ്മീഷനെ അറിയിച്ചു.