വിസിമാര്‍ക്കൊപ്പം പദവി ഒഴിഞ്ഞില്ല; സംസ്ഥാനത്തെ രണ്ട് പ്രോ വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ പരാതി

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല-സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലെ പ്രോ വൈസ് ചാന്‍സലര്‍മാര്‍ നിയമവിരുദ്ധമായി തുടരുന്നുവെന്ന് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിനാണ് ഇരുവര്‍ക്കുമെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. രണ്ട് സര്‍വകലാശാലകളിലെയും മുന്‍ വൈസ് ചാന്‍സലര്‍മാര്‍ നിയമവിരുദ്ധമായി നിയമനം നേടിയതിനെ തുടര്‍ന്ന് പുറത്തുപോയവരാണ്.

സംസ്‌കൃത സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ കെ മുത്തുലക്ഷ്മി, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ എസ്‌വി സുധീര്‍ എന്നിവര്‍ക്കെതിരെയാണ് പരാതിയുള്ളത്. വൈസ് ചാന്‍സലര്‍മാര്‍ പദവി ഒഴിയുന്നതിനോടൊപ്പം പ്രോ വൈസ് ചാന്‍സലര്‍മാരുടെ നിയമന കാലാവധിയും അവസാനിക്കുമെന്നും യുജിസി ചട്ടത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ ചട്ട വിരുദ്ധമായി ഇരു പ്രോ വൈസ് ചാന്‍സലര്‍മാരും പദവിയില്‍ തുടരുന്നു എന്നാണ് പരാതി. കുസാറ്റ്, കണ്ണൂര്‍, കേരള, എംജി, കെടിയു എന്നിവിടങ്ങളിലെ പ്രോ വൈസ് ചാന്‍സലര്‍മാര്‍ വിസിമാര്‍ പദവി ഒഴിഞ്ഞതിനൊപ്പം സ്ഥാനം ഒഴിഞ്ഞിരുന്നു. ആരോപണം നേരിടുന്ന ഇരു പ്രോ വിസിമാരെയും താത്കാലിക വിസിമാര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പരാതിയില്‍ പറയുന്നു.