എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണമെന്ന നിർദ്ദേശം; അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ആരോഗ്യമന്ത്രി കെ മുരളീധരൻ വിളിച്ചുചേർത്ത യോഗം വെള്ളിയാഴ്ച ചേരും. വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണമെന്ന നിർദ്ദേശം ചർച്ച ചെയ്യും. എംബിബിഎസ് കോഴ്സിൽ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്നാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം നൽകിയത്.

സംസ്ഥാന സർക്കാർ വിളിച്ച യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വശ്രയ കോളേജ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുക്കും. നിർദേശം ബാധകമല്ലെന്ന നിലപാടിലാണ് സ്വാശ്രയ കോളേജുകൾ. കേരളത്തിലെ സാഹചര്യം നോക്കാതെയുള്ള നിർദേശമെന്നാണ് സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷൻ പറയുന്നത്. അതേസമയം നാലര വർഷ കോഴ്സിന് അഞ്ചുവർഷ ഫീസ് വാങ്ങുന്നതിലാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നടപടി.

Read more

2024ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ട പ്രകാരം എംബിബിഎസ് കോഴ്സിന്റെ കാലയളവ് 54 മാസമാണ്. അതായത് നാലര വർഷം. യഥാർത്ഥ കാലയളവിനുള്ള ഫീസ് മാത്രമേ ഈടാക്കാവൂവെന്ന് നേരത്തെ തന്നെ ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചിരുന്നെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല. ഇതിലാണ് വീണ്ടും കമ്മീഷൻ ഇടപെടൽ. വിദ്യാർഥികളിൽ നിന്ന് അധികമായി വാങ്ങിയ ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്നാണ് നിർദേശം. കോളേജുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകണം.