പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി നിലകൊണ്ടു; വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് രാഷ്ട്രപതി

സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്ത വ്യക്തിയാണ് വിഎസ് അച്യുതാനന്ദനെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കുന്നു. തന്റെ ദീര്‍ഘകാല പൊതുജീവിതത്തില്‍, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനോടും അണികളോടും തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നതായി രാഷ്ട്രപതി വ്യക്തമാക്കി.

Read more

വി എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് നാളെ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റ്യാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. നാളെ മുതല്‍ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണവുമുണ്ടാകും.