ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയിൽ സംഘർഷം; പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ പൊലീസ് തടഞ്ഞു

ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്‌സ്- യാക്കോബായ സംഘർഷം. ജില്ലാ കോടതി വിധിയെ തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ ഗേറ്റിന് മുമ്പിൽ പൊലീസ് തടഞ്ഞു. പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവ് ഇല്ലാത്തതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ നിലപാട്

പള്ളിയുടെ ഗേറ്റ് പൂട്ടിയ യാക്കോബായ വിഭാഗം പള്ളിക്കകത്ത് തമ്പടിച്ചിരിക്കുകയാണ്. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുത്ത് ഇന്നലെയാണ് ജില്ലാ കോടതി ഉത്തരവ് വന്നത്. വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയത്.