മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍. കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ശ്രീറാം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തന്റെ വലതുകൈ മുട്ടിന് പരിക്കുണ്ടെന്നും മാധ്യമങ്ങള്‍ സംഭവം പെരുപ്പിച്ചു കാണിച്ചെന്നും ശ്രീറാം ജാമ്യാപേക്ഷയില്‍ പറഞ്ഞു. ശ്രീറാമിനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.

അതേസമയം ശ്രീറാം വെങ്കിട്ടരാമനെ സെല്ലില്‍ നിന്ന് മള്‍ട്ടിസ്‌പെഷാലിറ്റി ഐ.സി. യുവിലേക്ക് മാറ്റി. ആദ്യം സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റിയതിനു ശേഷമാണ് ഇന്ന് രാവിലെ ശ്രീറാമിനെ മള്‍ട്ടിസ്‌പെഷാലിറ്റി ഐ.സി.യുവിലേക്ക് മാറ്റിയത്. എന്നാല്‍ മാറ്റങ്ങളുടെ കാരണം മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ ശ്രീറാമിന് ആന്തരിക രക്തസ്രാവവും ഛര്‍ദ്ദിയും ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നുമുള്ളതിനാലാണ് നടപടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറ്റം നിഷേധിച്ച ശ്രീറാം, നരഹത്യയ്ക്കുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസില്‍ നിര്‍ണായകമായ രക്തപരിശോധനാഫലവും ഇന്ന് പുറത്തുവരും. അതേസമയം, ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന മെഡിക്കല്‍ പരിശോധനാഫലം ഇന്ന് ഔദ്യോഗികമായി പുറത്തു വന്നേയ്ക്കും. അപകടമുണ്ടായി ഏതാണ്ട് ഒമ്പത് മണിക്കൂര്‍ കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തം പരിശോധിക്കാനായി എടുത്തത്. സമയം വൈകുംതോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിദ്ധ്യം കുറയുമെന്ന് നേരത്തെ മെഡിക്കല്‍ വിദഗ്ധര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

Read more

ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്പെന്‍ഡ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. റിമാന്‍ഡിലായ ഉദ്യോഗസ്ഥനെ സര്‍വീസ് ചട്ടമനുസരിച്ച് 24 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണമെന്നാണ്. എന്നാല്‍ ശ്രീറാമിനെതിരായ നടപടി വൈകിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞായിരുന്നു നടപടി വൈകിച്ചത്