പൊലീസിന്റെ കൃത്യവിലോപം; ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോർട്ട്

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ കേസില്‍ വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോര്‍ട്ട്. പൊലീസിന്റെ അനലിറ്റിക്കൽ ലാബിലാണ് രക്ത സാമ്പിൾ പരിശോധിച്ചത്. പരിശോധനാഫലം പൊലീസിന് കൈമാറി.

അപകടമുണ്ടായി 10 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിച്ചത്. ഇതുകൊണ്ടാണ് മദ്യത്തിന്‍റെ അളവ് കണ്ടെത്താന്‍ കഴിയാത്തത് എന്നാണ് സൂചന. ശ്രീറാമിന്റെ രക്തം എടുക്കുന്നതിൽ കൃത്യവിലോപം കാണിച്ച പൊലീസിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെ ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കേസ് നിലനില്‍ക്കുമോയെന്നു സംശയമുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാതെയായിരുന്നു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

നേരത്തെ ശ്രീറാം വെങ്കിട്ടരാമന്‍ ഐ. എ. എസിനെ സര്‍വെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു.