ശ്രീജിത്തിന്റെ കുടുംബത്തിന് ഗവര്‍ണറുടെ ഉറപ്പ്; 'ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യും'; ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് രമണി ഗവര്‍ണറെ കണ്ടു. ശ്രീജിവിന്റെ ശ്രീജിവിന്റെ ദുരൂഹമരണത്തെക്കുറിച്ച്സിബിഐ അന്വേഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉറപ്പുനല്‍കിയതായി അമ്മ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം കേന്ദ്രത്തിന് കൈമാറുമെന്ന് ഉറപ്പുകിട്ടിയതായും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ശ്രീജിവിന്റെ അമ്മ അറിയിച്ചു. സിബിഐ അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. ശ്രീജീവിന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണമാണ് നല്ലതെന്നും അതിന് കമ്മീഷന്‍ ശിപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റഡി മരണത്തെ അതീവഗുരുതരമായാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കാണക്കാക്കുന്നത്. ഇത്തരം കേസുകളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. കസ്റ്റഡി മരണത്തിന്റെ കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചകളെ കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണെന്നും മോഹന്‍ദാസ് പറഞ്ഞു.