ശ്രീധരന്‍ കാട്ടിയത് കൊടുംക്രൂരത, കാലവും ചരിത്രവും നിങ്ങള്‍ക്ക് മാപ്പ് തരില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

പെരിയ ഇരട്ടക്കൊലക്കേസിലെ സിപിഎം പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ.സി.കെ.ശ്രീധരനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തോട് ശ്രീധരന്‍ കാട്ടിയത് കൊടും ക്രൂരതയാണെന്നും കാലവും ചരിത്രവും നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ലെന്നും മുല്ലപ്പള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ..

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഒന്നാം പ്രതി മുതല്‍ ഒമ്പത് പ്രതികള്‍ക്ക് വേണ്ടി അഡ്വ: സി.കെ. ശ്രീധരന്‍ ഹാജരാവുന്നുവെന്ന വാര്‍ത്ത തീവ്ര ദു:ഖത്തോടെയാണ് കേട്ടത്. പെരിയയില്‍ നിഷ്ഠൂരമായി വധിക്കപ്പെട്ട കൃപേഷ്, ശരത് ലാല്‍ കൊലപാതകം കേരളീയ മന:സാക്ഷിയെ മരവിപ്പിച്ച സംഭവമാണ്. ആ കൊലപാതകം നടന്നത് മുതല്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനും മാതൃകാ പരമായി ശിക്ഷിക്കാനും നാം നടത്തിയ കൂട്ടായ ശ്രമം ബഹു : ശ്രീധരന്‍ വക്കീല്‍ മറന്നോ. നിരാലംബമായ കുടുംബത്തെ സഹായിക്കാന്‍ നാം ധനസമാഹരണം നടത്തിയത് ഓര്‍മ്മയില്ലെ. ഇത് സംബന്ധമായി ഒറ്റക്കും കൂട്ടായും നടത്തിയ ചര്‍ച്ചകള്‍.

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് മാത്രം ഒരു കോടി വീതം ഒറ്റ ദിവസം കൊണ്ട് സമാഹരിച്ച് കുടുംബത്തെ ഏല്പിക്കാന്‍ നാം നടത്തിയ ശ്രമം . ജില്ലയിലെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകന്മാരും നമ്മുടെ പിന്നില്‍ അണി നിരന്നു. സംസ്ഥാന കോണ്‍ഗ്രസ്സിലെ സമുന്നതരെല്ലാം ഒരു ദിവസം ജില്ല മുഴവന്‍ പര്യടനം നടത്തി. താങ്കളും ഞാനും ഒന്നിച്ചായിരുന്നല്ലൊ ഫണ്ട് പിരിവില്‍ പങ്കെടുത്തത്. ഞാന്‍ വെച്ച നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ പാലിക്കപ്പെട്ടതറിയാമല്ലോ. നിരാലംബ കുടുംബത്തോടൊപ്പം കോണ്‍ഗ്രസ്സുണ്ടെന്ന സന്ദേശം. അതോടൊപ്പം സഹായ നിധി സമാഹരി പ്പോള്‍ കാട്ടേണ്ട സുതാര്യതയും സത്യസന്ധതയും. ഒരു കാപ്പി പോലും ഈ ഫണ്ടില്‍ നിന്ന് ആരും കുടിക്കരുതെന്ന നിഷ്‌കര്‍ഷത. എല്ലാം നാം കൃത്യമായി പാലിച്ചു. പൊതു പ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ മാതൃകയായി കാസര്‍ഗോട്ടെ കോണ്‍ഗ്രസ്സുകാര്‍ മാറി.

കുടുംബത്തെ ഫണ്ട് ഏല്‍പ്പിച്ചു കൊടുത്ത രംഗം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
രാജാവിനേക്കാള്‍ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതക്കു പരി , പെരിയ കേസ്സ് പ്രതികള്‍ക്ക് വേണ്ടി ഹാജരാകാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്? അഭിഭാഷകനായാല്‍ മന:സാക്ഷി പാടില്ലെന്ന് ഏത് നിയമ പുസ്തകത്തില്‍ നിന്നാണ് താങ്കള്‍ വായിച്ചത്. ഈ മൃഗീയ കൊലപാതകത്തിന്റെ നാള്‍ വഴികള്‍ കൃത്യമായി അറിയുന്ന താങ്കള്‍ എന്ത് കാരണം കൊണ്ടായാലും പാര്‍ട്ടി വിട്ടതിലപ്പുറം ഇപ്പോള്‍ ചെയ്തതാണ് അക്ഷന്തവ്യമായ അപരാധം. കൊടും ചതി.

താങ്കള്‍ ഇപ്പോള്‍ ചെയ്തത് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തോട് കാട്ടിയ കൊടും ക്രൂരതക്കപ്പുറം നീതിബോധമുള്ള കേരളീയ പൊതു സമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനവുമാണ്. കാലവും ചരിത്രവും താങ്കള്‍ക്ക് മാപ്പു തരില്ല.