ഗവര്‍ണറാണെന്ന് ശ്രീധരന്‍പിള്ള ഓര്‍ക്കണം; ബി.ജെ.പി സംസ്ഥാന പ്രസിഡന്റല്ലെന്ന് ചെന്നിത്തല

ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രമേശ് ചെന്നിത്തല. ശ്രീധരന്‍പിള്ള ഗവര്‍ണര്‍ സ്ഥാനത്തോടുള്ള മാന്യത കാണിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന ബിജെപി പ്രസിഡന്റ് സ്ഥാനത്തല്ല താനെന്ന് ശ്രീധരന്‍ പിള്ള മനസിലാക്കണമെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. പാലാ ബിഷപ്പ് ജോസ് കല്ലറങ്ങാടിന്റെ ജിഹാദ് പ്രസ്താവനയെ അനുകൂലിച്ചതിലാണ് ചെന്നിത്തല വിമര്‍ശിച്ചത്. മതങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമം നടത്തുന്നതെന്നും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണ് എന്നും ചെന്നിത്തല പറഞ്ഞു.

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് അവരുടെ ആശങ്കയാണെന്നായിരുന്നു ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന. ബിഷപ്പിന്റെ പ്രസ്താവനയെ ന്യായീകരിക്കാനോ നിരാകരിക്കാനോ വരുന്നില്ല. കല്ലറങ്ങാട്ട് ഉയര്‍ത്തിയ ആശങ്ക സംബന്ധിച്ച് കൂടുതല്‍ പഠിച്ചിട്ടില്ലെന്നും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പരാമര്‍ശം നടത്തിയതെന്നാണ് പാലാ ബിഷപ്പ് പറഞ്ഞത്. തനിക്ക് രാഷ്ട്രീയമില്ല, മറ്റു മതങ്ങളെ അപമാനിക്കാനില്ല. ആധികാരികമായി മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കാര്യങ്ങള്‍ പറഞ്ഞത്. അത് ചെയ്യേണ്ടത് ചുമതലയാണെന്നും ആരേയും അപമാനിക്കാനായി പറഞ്ഞല്ലെന്നും അദ്ദേഹം തന്നോട് പറഞ്ഞതായും ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു.