പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന തന്നെ; കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. അപകടത്തിന് മുൻപ് സോന പെട്രോള്‍ പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇതോടെ സോനാ തന്നെയാണ് പെട്രോള്‍ പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയതെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. അപകട മരണത്തിന് പിന്നാലെ സോനയുടെ മരണം ആസൂത്രിതമാണെന്നാരോപിച്ച് സോനയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. തീ പിടിക്കാന്‍ കാരണം പെട്രോള്‍ എന്ന് പൊലീസ് കണ്ടെത്തുമ്പോള്‍ സോനയുടെ മരണത്തില്‍ ദുരൂഹതയേറുകയാണ്. നടുവണ്ണൂര്‍ റോഡിലെ സിസിടിവിയില്‍ കന്നാസുമായി പോകുന്ന സോനയുടെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. പെട്രോള്‍ പമ്പില്‍ നിന്നും സോന തന്നെയാണ് പെട്രോള്‍ വാങ്ങുന്നത്. ഇതോടെ കാറിലെ തീപിടുത്തം ആസൂത്രിതം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കാറിനുള്ളില്‍ തീപിടിക്കാന്‍ കാരണം പെട്രോളെന്നും, കാറിലെ തീപിടുത്തം ആസൂത്രിതമാണെന്നും പൊലീസ് പറയുന്നു. മരിച്ച സോനയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവത്തുംചാലില്‍ രജിന്‍ ലാലിന്റെ ഭാര്യ സോനയാണ് കഴിഞ്ഞ ദിവസം തീപ്പിടിത്തത്തില്‍ മരിച്ചത്. കാര്‍ ഓടിച്ച ഭര്‍ത്താവ് രജിന്‍ലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞെങ്കിലും പിന്‍സീറ്റില്‍ കിടക്കുകയായിരുന്ന സോന വാതില്‍ ലോക്കായതിനാല്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

Read more

സോനയുടെ ഭര്‍ത്താവ് രജിന്‍ ലാല്‍ 65 ശതമാനത്തിലധികം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിനുള്ളില്‍ നിന്നും പെട്രോളിന്റെ മണം വന്നപ്പോള്‍ തന്നെ എന്താണ് എന്ന് സോനയോട് ചോദിച്ചെന്നും, മറുപടി ലഭിക്കും മുമ്പ് തീ പടരുകയായിരുന്നു എന്നുമാണ് രജിന്‍ ലാലിന്റെ മൊഴി. സോനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, ആസൂത്രിത കൊലപാതകമെന്നുമാണ് സോനയുടെ കുടുംബത്തിന്റെ ആരോപണം. അതേസമയം സോനയുടെ ഭർത്താവ് രജിന്‍ ലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നുണ്ട്.