മരുമകന്‍ എന്നത് ഒരു യാഥാര്‍ത്ഥ്യം, കോണ്‍ഗ്രസ് നേതാക്കളില്‍ ആര്‍.എസ്.എസ് ഏജന്റുമാര്‍: മുഹമ്മദ് റിയാസ്

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ആര്‍എസ്എസ് ഏജന്റുമാരുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇടത് സര്‍ക്കാരിനെതിരെ ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ ഇതിന് തെളിവാണെന്നും രാഷ്ട്രീയം പറയുമ്പോള്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും റിയാസ് പറഞ്ഞു.

അന്ധമായ എല്‍ഡിഎഫ് സക്കാര്‍ വിരുദ്ധത ബിജെപി സംസ്ഥാന ഘടകം നടപ്പാക്കുന്നതിനേക്കാള്‍ ഭംഗിയായാണ് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ചുകൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് ഏജന്റുമാരായി കോണ്‍ഗ്രസിലെ ചില നേതാക്കന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് മതനിരപേക്ഷ കോണ്‍ഗ്രസ് പരിശോധിക്കണം. ഇതേ കുറിച്ച് കോണ്‍ഗ്രസിലും അഭിപ്രായം ഉയര്‍ന്നുവരുന്നുണ്ട്.

രാഷ്ട്രീയം പറയുമ്പോള്‍ രാഷ്ട്രീയത്തെ അങ്ങനെ തന്നെ നേരിടാനുള്ള മാന്യത കാണിക്കണം. താന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് ഒരു യാഥാര്‍ഥ്യം അല്ലേ. മരുമകന്‍ എന്ന വിളിയില്‍ യാതൊരു പ്രശ്‌നവുമില്ല. ആരോപണങ്ങള്‍ ഉയരുമ്പോള്‍ പേടിച്ച് വീട്ടിലിരിക്കുന്നവര്‍ അല്ല ഞങ്ങള്‍. അത്തരം വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല. ഇങ്ങനെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ചായയോ ബിരിയാണിയോ വാങ്ങി കൊടുക്കാനാണ് തോന്നാറെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് സഭ നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകണമെന്നാണ് ആഗ്രഹമെന്നും ബോധപൂര്‍വം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പാലക്കാട് പറഞ്ഞു.