മുസ്‌ലിങ്ങള്‍ വര്‍ഗ്ഗീയതയും പിന്തിരിപ്പന്‍ നിലപാടും പ്രചരിപ്പിക്കുന്നവരാണെന്ന് ചിലര്‍ അധിക്ഷേപിക്കുന്നു, സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും അവഗണന: കാന്തപുരം

കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും മുസ്‌ലിങ്ങൾ അവഗണന നേരിടുന്നുണ്ടെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിങ്ങള്‍ വര്‍ഗ്ഗീയതയും പിന്തിരിപ്പന്‍ നിലപാടും പ്രചരിപ്പിക്കുന്നവരാണെന്ന് ചിലര്‍ അധിക്ഷേപിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു. അങ്ങനെ ഞെരുക്കിയത് കൊണ്ട് സമുദായം ഇസ്‌ലാമിൽ നിന്നും മടങ്ങാൻ പോകുന്നില്ലെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

മുസ്‌ലിം സമുദായം രാജ്യത്തിന് എല്ലാ കാലത്തും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. വാഗണ്‍ ട്രാജഡിയില്‍ മരിച്ച് വീണവരെല്ലാം മുസ്‌ലിങ്ങളായിരുന്നു. ഇന്ത്യ രാജ്യത്തെ വൈദേശികരില്‍ നിന്ന് പിടിച്ചെടുക്കുന്നതില്‍ മുസ്‌ലിം സമുദായത്തിന് കാര്യമായ പങ്കുണ്ട്. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ പോയാല്‍ പോലും മുസ്‌ലിങ്ങള്‍ അവഗണന നേരിടുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.

അതേസമയം മുസ്‌ലിങ്ങള്‍ വര്‍ഗ്ഗീയതയും പിന്തിരിപ്പന്‍ നിലപാടും പ്രചരിപ്പിക്കുന്നവരാണെന്ന് ചിലര്‍ അധിക്ഷേപിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു. അത് തെറ്റാണ്. ഇസ്‌ലാമിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് മുസ്‌ലിങ്ങള്‍ ജീവിക്കുന്നത്. ഖുര്‍ ആന്‍ പ്രകാരമാണ് ജീവിതം. മുസ്‌ലിം സമുദായത്തെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചു നീക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ടെന്നും കാന്തപുരം കുറ്റപ്പെടുത്തി.

കേരളത്തില്‍ സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കാന്‍ ചിലര്‍ നന്നായി ശ്രമിക്കുന്നുണ്ട്. ഇതിന് ഒത്താശ ചെയ്യുന്നവരെ സമൂഹം അകറ്റി നിര്‍ത്തണം. ഇക്കാര്യത്തില്‍ എല്ലാ ജനവിഭാഗങ്ങളും ജാഗ്രത പാലിക്കണം. തീവ്ര ചിന്താഗതിയിലേക്ക് നയിക്കുന്ന ഒരു നീക്കത്തെയും സമസ്ത അംഗീകരിക്കുന്നില്ല. അതിനെ ശക്തമായി എതിര്‍ക്കുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

Read more