ഉമ്മന്‍ ചാണ്ടിയുടെ പേര് ആദ്യം പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസ്; പരാതിക്കാരിക്ക് 50 ലക്ഷം കൊടുത്ത് കത്ത് കൈവശപ്പെടുത്തി; ചാനല്‍ പറഞ്ഞതെല്ലാം കള്ളം; പിസിയും മലക്കം മറിഞ്ഞു, സിബിഐ റിപ്പോര്‍ട്ട്

സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ കത്ത് കൈക്കലാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് 50 ലക്ഷം രൂപ നല്‍കിയെന്ന് വെളിപ്പെടുത്തല്‍. ഒന്നാം സാക്ഷിയുടെ പരാതിക്കാരിയുടെ ഡ്രൈവറാണ് ഇത്തരം ഒരു മൊഴി സിബിഐയ്ക്ക് നല്‍കിയിരിക്കുന്നത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് വന്ന കത്ത് ഏഷ്യാനെറ്റ് ന്യൂസ് കൈവശപ്പെടുത്തിയത് 50 ലക്ഷം രൂപ നല്‍കിയിട്ടാണെന്ന് ഇവര്‍ മൊഴി. ഈ കത്ത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അന്ന് പുറത്തുവന്നത്. 19 പേജുള്ള കത്ത് ചാനലിലൂടെ പുറത്തുവന്നപ്പോള്‍ 25 പേജായി വര്‍ധിച്ചെന്നും സിബിഐ പറയുന്നു.

വിവാദ ദല്ലാള്‍ നന്ദകുമാറിനാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പണം നല്‍കിയത്. നന്ദകുമാറാണ് കത്ത് കൈവശപ്പെടുത്തി ചാനലിന് കൈമാറിയത്. അന്ന് തിരഞ്ഞെടുപ്പിന്റെ സമയത്താണ് ഈ കത്ത് പുറത്തുവന്നത്. അതുകൊണ്ടുതന്നെ ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഈ കത്ത് ചാനലിലൂടെ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനും ഇതില്‍ പങ്കുണ്ട്.

72 പേജുള്ള സിബിഐ റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയതായി പറഞ്ഞിട്ടുള്ളത്. പരാതിക്കാരി ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് എഴുതി ചേര്‍ക്കുകയായിരുന്നെന്നും ഇത് ഗുഢാലോചനയുടെ ഭാഗമാണെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. കെ ബി ഗണേഷ് കുമാര്‍, ശരണ്യ മനോജ്, നന്ദകുമാര്‍ എന്നിവരുടെ പേര് ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കത്ത് സംബന്ധിച്ച വിവരങ്ങള്‍ പലരുടെയും മൊഴിയായാണ് സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

സിബിഐയുടെ അന്തിമ റിപ്പോര്‍ട്ടിലാണ് ഈ വിവരം. പരാതിക്കാരിക്ക് 50 ലക്ഷം രൂപ നല്‍കിയാണ് കത്തു കൈവശപ്പെടുത്തിയതെന്ന സാക്ഷിമൊഴികളും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. കത്തു പുറത്തുവരുന്നതു 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു ഗുണം ചെയ്യുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നുവെന്നും നന്ദകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു മാര്‍ച്ചിലാണു നന്ദകുമാര്‍ പരാതിക്കാരിയുടെ 2 കത്തുകളുമായി ചാനലിന്റെ കൊച്ചി റിപ്പോര്‍ട്ടറെ സമീപിച്ചത്. ഇതു സംപ്രേഷണം ചെയ്യാന്‍ കഴിയുമോയെന്നായിരുന്നു ചോദ്യം. 2016 ഏപ്രില്‍ ഒന്നിന് ഈ റിപ്പോര്‍ട്ടര്‍ പരാതിക്കാരിക്കൊപ്പം ചാനലിന്റെ തലസ്ഥാനത്തെ ഓഫിസിലെത്തി. ദല്ലാള്‍ കൈമാറിയ 19 പേജിന്റെയും 25 പേജിന്റെയും 2 കത്തുകള്‍ പരാതിക്കാരിയെ കാണിച്ചു. 2 കത്തിലും പൂര്‍ണവിവരങ്ങള്‍ ഇല്ലെന്നും 25 പേജുള്ള കത്തിലെ കാര്യങ്ങള്‍ ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു. 2 ദിവസം കഴിഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെയും മറ്റു കോണ്‍ഗ്രസ് നേതാക്കളുടെയും പേരുകളുള്ള 25 പേജ് കത്ത് ചാനല്‍ പുറത്തുവിട്ടു. ഇതിലെ ആരോപണങ്ങളാണ് ഇപ്പോള്‍ വ്യാജമെന്ന് സിബിഐ അടിവരയിട്ടു പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച സോളര്‍ പീഡനക്കേസിലെ പരാതിക്കാരി ആ സംഭവത്തെക്കുറിച്ചു സിബിഐക്ക് 7 മാസത്തിനിടെ നല്‍കിയ രണ്ടു മൊഴികളും പരസ്പര വിരുദ്ധമാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയും സ്റ്റാഫും മറ്റ് സന്ദര്‍ശകരും ഉള്ളപ്പോള്‍ ക്ലിഫ് ഹൗസിലെത്തിയ തന്നെ, മുറി അടയ്ക്കാന്‍ പഴ്‌സനല്‍ സ്റ്റാഫായ ടെന്നി ജോപ്പനോടു നിര്‍ദേശിച്ച ശേഷം അദ്ദേഹം പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആദ്യമൊഴി.

ഇതില്‍ പീഡനത്തിനു ദൃക്‌സാക്ഷികളുള്ളതായി പറഞ്ഞിരുന്നില്ല. എന്നാല്‍, പിന്നീടു നല്‍കിയ മൊഴിയില്‍ അടച്ചിട്ട മുറിയുടെ വാതില്‍ തള്ളിത്തുറന്നു വന്ന പി.സി.ജോര്‍ജ് പീഡനം കണ്ടെന്നു തിരുത്തിപ്പറഞ്ഞു. മൊഴികളിലെ ഈ വൈരുധ്യവും സാക്ഷികളായി പരാതിക്കാരി പറഞ്ഞവരടക്കം നിഷേധിച്ചതും ശാസ്ത്രീയ പരിശോധനാ ഫലങ്ങളുമാണ് ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്നതില്‍ നിര്‍ണായകമായത്.

2021 സെപ്റ്റംബറിലാണ് പരാതിക്കാരിയുടെ വിശദമൊഴി സിബിഐയിലെ വനിതാ ഇന്‍സ്‌പെക്ടര്‍ 3 ദിവസങ്ങളിലായി ആദ്യം രേഖപ്പെടുത്തുന്നത്.പിന്നീട് 2022 ഏപ്രിലില്‍ നല്‍കിയ മൊഴിയിലാണ് ഈ സംഭവത്തില്‍ പി.സി.ജോര്‍ജിനെക്കൂടി ദൃക്‌സാക്ഷിയായി ഉള്‍പ്പെടുത്തിയത്. പരാതിക്കാരിയുടെ പീഡന ആരോപണമെല്ലാം അടിസ്ഥാനരഹിതമാണെന്നു പി.സി.ജോര്‍ജും ജോപ്പനും മാത്രമല്ല ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ അടക്കമുള്ളവരെല്ലാം മൊഴി നല്‍കിയിട്ടുണ്ട്.

Read more

തിരഞ്ഞെടുപ്പിനു ശേഷം ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്നു ക്രൈംബ്രാഞ്ചും പരാതിക്കാരിയുടെ ആരോപണം അന്വേഷിച്ചത്. പിന്നീട് സിബിഐയെ അന്വേഷണം ഏല്‍പിച്ചു. ഈ അന്വേഷണത്തിലാണ് ലൈംഗിക ആരോപണക്കേസിലും സാമ്പത്തികത്തട്ടിപ്പു കേസിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ തെളിവൊന്നുമില്ലെന്നു സിബിഐ അന്തിമ റിപ്പോര്‍ട്ട് നല്‍കിയതും കോടതി അദേഹത്തെ കുറ്റമുക്തനാക്കിയതും.