ഒന്നിച്ച് ഡാൻസ് കളിച്ചാൽ പ്രേമമാണോ, മതം തിന്ന്‌ ജീവിക്കുന്ന കഴുകൻകൂട്ടങ്ങളോടാണ്; വൈറലായ ഡാൻസർമാരുടെ മതം തിരഞ്ഞ് ആക്രമിക്കുന്നവർക്ക് എതിരെ കുറിപ്പ്

Advertisement

ഒറ്റ ഡാൻസിലൂടെ വൈറലായ തൃശൂർ ഗവ.മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളായ ജാനകി ഓംകുമാറിനും നവീൻ കെ. റസാഖിനുമെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം.

ഇരുവരുടെയും മതം പറഞ്ഞ് കൊണ്ടാണ് ഇത്തരത്തിൽ പ്രചാരണം നടക്കുന്നത്. കൃഷ്ണരാജ് എന്നയാളാണ് സോഷ്യൽ മീഡിയയിൽ ആദ്യം ഇത്തരത്തിൽ പോസ്റ്റിടുന്നത്.

ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നായിരുന്നു കുറിപ്പ്.

ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പെൺകുട്ടി സിറിയയിൽ എത്താതിരുന്നാൽ മതിയായിരുന്നാണ് മറ്റുചില ഐഡികളിൽ നിന്നും വരുന്ന കമന്റ്.

മെഡിക്കൽ കോളേജ് പാട്ടും ഡാൻസും ചെയ്യാനുള്ള സ്ഥലമല്ലെന്നും ഏറെ ശ്രദ്ധയും അധ്വാനവും ആവശ്യമുള്ള മേഖലയാണെന്നും പാട്ടിന്റേയും ഡാൻസിന്റേയും അസുഖമുള്ളവർ ടി.സി വാങ്ങി വല്ല ആർട്‌സ് കോളേജിലും പോയി ചേരണമെന്നുള്ള തരത്തിലും നിരവധി പേർ വിദ്യാർത്ഥികൾക്കെതിരെ രം​ഗത്തെത്തി.

അതേസമയം ഇത്തരം കമന്റുകൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തെത്തി. ഡോക്ടർമാരായ ഷിംന അസീസിന്റെ കുറിപ്പ് ഇതിനോടകം ചർച്ചയാവുകയും ചെയ്തു.

ഒന്നിച്ച് ഡാൻസ് കളിക്കുന്നോരൊക്കെ തമ്മിൽ പ്രേമമാണെന്ന തിയറി എവിടുന്നാണ്? ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്? വിട്ട് പിടിക്ക് എന്ന് ഷിംന അസീസ് കുറിച്ചു.

നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട് ചിലരിൽ കണ്ടെന്നും ഇനി മെഡിക്കൽ കോളജിൽ കൂടിയേ വർഗീയ വിഷം കലങ്ങാനുള്ളൂവെന്നുമാണെന്നും അവർ കൂട്ടിചേർത്തു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ജാനകിയുടേയും നവീനിന്റേയും ഡാൻസ് വീഡിയോ ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരായിരുന്നു കണ്ടത്.