ബി.ജെ.പിയിൽ 'ജാതി കലാപം', നേതാക്കൾ തമ്മിലുള്ള വിഴുപ്പലക്കൽ പൊട്ടിത്തെറിയിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിനായി കേരളം ഒരുങ്ങുമ്പോൾ ഇതുവരെ  കണ്ടിട്ടില്ലാത്തത്ര വലിയ പ്രതിസന്ധിയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം നേരിടുന്നത്. നേതൃത്വ വിഷയത്തെച്ചൊല്ലിയുള്ള കലാപം സംസ്ഥാന ബിജെപിയിൽ വൻപൊട്ടിത്തെറിയിലേക്കുള്ള വഴി തുറക്കുകയാണ്.

വി. മുരളീധര പക്ഷത്തെ നേതാവായ കെ. സുരേന്ദ്രനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനാക്കിയതിന് പിന്നാലെയാണ് സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറികളും ഭിന്നതകളും ഉടലെടുത്തത്.

കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയോടെ ശോഭാ സുരേന്ദ്രനെ പിന്തള്ളിക്കൊണ്ട് സുരേന്ദ്രന് പദവി ലഭിച്ചതിന് പിന്നാലെയാണ് വിഭാഗീയത രൂക്ഷമായത്. അന്ന് മുതൽ തന്നെ ഇരുപക്ഷവും തമ്മിലുള്ള ഭിന്നതകൾ ശക്തമായിരുന്നു.

നായർ പ്രമാണിമാർ മാത്രം അലങ്കരിച്ചിരുന്ന സംസ്ഥാന പ്രസിഡന്റ് സ്ഥാനം കെ. സുരേന്ദ്രൻ നൽകിയതിന് പിന്നാലെ തുടങ്ങിയ അമർഷങ്ങളും സംഘടനാ വൈര്യങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വീണ്ടും സജീവ ചർച്ചയാവുന്നത്.

ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രനും മുൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം വേലായുധനും കെ. സുരേന്ദ്രനെതിരെ രംഗത്തെത്തിയതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്.

സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ എത്തിയതു മുതൽ പാർട്ടി പരിപാടികളിൽ നിന്ന് അകന്നു കഴിയുകയായിരുന്ന ശോഭാ സുരേന്ദ്രൻ കഴിഞ്ഞ ദിവസം വാളയാറിലാണ് പരസ്യമായി അതൃപ്തി പ്രകടമാക്കിയത്.

ദേശീയ നിർവാഹക സമിതി അംഗമായിരിക്കെ കീഴ്‍വഴക്കം ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്നും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാൻ ശ്രമിക്കുകയാണെന്നുമാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്.

സംസ്ഥാന ജനറൽ സെക്രട്ടറിയായും കോർ-കമ്മിറ്റിയിലെ ഏക വനിതാ അംഗമായും താൻ തുടരുമ്പോഴാണ് കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുന്നതെന്നും കാട്ടി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ശോഭ സുരേന്ദ്രൻ പരാതി നൽകുകയും ചെയ്തു.

കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായതിന് പിന്നാലെ, തന്നെ തഴഞ്ഞെന്ന് കാട്ടിയാണ് പി.എം വേലായുധൻ രംഗത്തെത്തിയത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിച്ചാൽ തന്നെയും ശ്രീശനേയും ഉപാദ്ധ്യക്ഷ സ്ഥാനത്ത് തുടരാൻ അനുവദിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നെന്നും ഈ വാക്ക് പാലിക്കപ്പെട്ടില്ലെന്നുമാണ് അദ്ദേഹം ആരോപിച്ചത്. ഒരു ദളിത് വിഭാഗത്തിൽ പെട്ട ആളായതു കൊണ്ടാണോ തന്നെ തഴഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും പി.എം വേലായുധൻ പറഞ്ഞു.

ഇതോടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ പരസ്യ പ്രസ്താവനകൾ നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. പരിഭവമുള്ള നേതാക്കളെ താൻ നേരിൽ കാണുമെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ഗൗരവമായ ശ്രമമുണ്ടാകുമെന്നുമാണ് കെ. സുരേന്ദ്രൻ സംഭവത്തിൽ പ്രതികരിച്ചത്.

ഏറെ പ്രതിസന്ധി നേരിട്ട പുനഃസംഘടന കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണെന്നും പുനഃസംഘടനയിൽ 40 ശതമാനം പുതിയ ആളുകളെ ഉൾപ്പെടുത്തിയപ്പോൾ പഴയ കുറച്ച് ആളുകൾ ഒഴിവായെന്നുമാണ് സുരേന്ദ്രന്റെ പ്രതികരണം.

ബി.ജെ.പി സംസ്ഥാന ഘടകത്തിലുണ്ടായ ഭിന്നതയിലും അലോസരങ്ങളിലും തത്കാലം ഇടപെടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ബിഹാർ തിരഞ്ഞെടുപ്പ് കഴിഞ്ഞേ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ എന്തെങ്കിലും ഇടപെടൽ ഉണ്ടാകാനിടയുള്ളൂ.

എന്നാൽ സംസ്ഥാന കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുകൾ പ്രതിസന്ധിയ്ക്ക് അയവ് വരുത്തുന്നില്ല. നേരത്തെ ജനറൽ സെക്രട്ടറിയായിരുന്ന എ.എൻ.രാധാകൃഷ്ണനെ വൈസ് പ്രസിഡന്റാക്കിയപ്പോൾ പകരം കോർ കമ്മിറ്റിയിലെടുക്കാനും കേന്ദ്രം നിർദ്ദേശിച്ചിരുന്നെന്നും ശോഭയുടെ കാര്യത്തിൽ ഇതുണ്ടായില്ലെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും ശോഭയെ മാറ്റി പാർട്ടി ഉപാദ്ധ്യക്ഷനാക്കിയത് ഒതുക്കാൻ വേണ്ടിയായണെന്നാണ് ശോഭാ സുരേന്ദ്രൻ വിഭാഗം ആരോപിക്കുന്നത്.

വി. മുരളീധരന് കേന്ദ്ര മന്ത്രി സ്ഥാനം നൽകിയത് പോലെ ദേശീയ രാഷ്ട്രീയത്തിൽ ശോഭാ സുരേന്ദ്രന് സ്ഥാനം നൽകുമെന്ന് ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു. ശോഭാ സുരേന്ദ്രൻ കേന്ദ്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ആയേക്കുമെന്ന് നേരത്തെ‌ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ തൃപ്തമായ പരിഗണന ലഭിച്ചില്ലെങ്കിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങും.