സർക്കാരിൻറെ അഴിമതി നിറഞ്ഞ ജീര്‍ണിച്ച മുഖം പൊതുസമൂഹത്തിനു മുന്നില്‍ വെളിവായി; പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന വാക്ക് ജലീല്‍ പാലിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍

കെടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചതില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി നിറഞ്ഞ ജീര്‍ണിച്ച മുഖം പൊതുസമൂഹത്തിനു മുന്നില്‍ വെളിവാക്കാന്‍ ഹൈക്കോടതി തീരുമാനം വഴിയൊരുക്കിയെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തനിക്ക് നേരെയുള്ള അഴിമതി ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന വാക്ക് കെടി ജലീല്‍ പാലിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം.
അഴിമതിയും സ്വജനപക്ഷപാതവും കൂടെ കൊണ്ട് നടക്കുന്ന കെ ടി ജലീലിന് അരിവാള്‍ ചുറ്റിക നക്ഷത്രമടയാളം അനുവദിക്കാത്തതില്‍ സിപിഎം കാണിച്ച ജാഗ്രത എടുത്തുപറയേണ്ടതാണ്. എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ജലീലിന്റെ ബന്ധു നിയമനം അടക്കമുള്ള മുഴുവന്‍ വിഷയങ്ങളിലും മറുപടി പറയേണ്ടിവരുമെന്നും ശോഭ പറഞ്ഞു

ശോഭാ സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂര്‍ണരൂപം;

മന്ത്രി കെടി ജലീലിനെതിരായ ലോകായുക്തയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചത് സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി നിറഞ്ഞ ജീര്‍ണിച്ച മുഖം പൊതുസമൂഹത്തിനു മുന്നില്‍ ഒന്നുകൂടി വെളിവാക്കാന്‍ സാഹചര്യമൊരുക്കി. ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് നടത്തിയ ബന്ധു നിയമനം അഴിമതിയുടെ പരിധിയില്‍ വരുമെന്ന ലോകായുക്തയുടെ ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്.

തനിക്കു നേരെ അഴിമതി തെളിയിക്കപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് വെല്ലുവിളിച്ച ജലീല്‍ ആ കാര്യത്തിലെങ്കിലും ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കണം. അത്രയെങ്കിലും സംശുദ്ധമായ രാഷ്ട്രീയം ഈ നാട്ടിലെ ജനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ ശ്രമിച്ചവരെക്കുറിച്ച് വാചാലനാകുന്ന ജലീല്‍ ജനങ്ങളുടെ നികുതി പണവും അവസരങ്ങളും എത്രത്തോളം ഊറ്റിക്കുടിച്ചിട്ടാണ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുന്നത് എന്ന് ജനങ്ങളോട് വിശദീകരിക്കണം.

ഇത്രമേല്‍ അഴിമതിയും സ്വജനപക്ഷപാതവും കൂടെ കൊണ്ട് നടക്കുന്ന കെ ടി ജലീലിന് അരിവാള്‍ ചുറ്റിക നക്ഷത്രമടയാളം അനുവദിക്കാത്തതില്‍ സിപിഎം കാണിച്ച ജാഗ്രത എടുത്തുപറയേണ്ടതാണ്. അതേസമയം കെ ടി ജലീലിന് ഈ സര്‍ക്കാരും മുഖ്യമന്ത്രിയും നല്‍കിയ പിന്തുണ അഴിമതിക്കുള്ള കഞ്ഞിവെയ്പ്പായിരുന്നെന്ന് ജനങ്ങള്‍ വിശ്വസിച്ചാല്‍ അതില്‍ തെറ്റ് പറയാനില്ല. അതിനാല്‍ തന്നെ ആത്യന്തികമായി എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ജലീലിന്റെ ബന്ധു നിയമനം അടക്കമുള്ള മുഴുവന്‍ വിഷയങ്ങളിലും മറുപടി പറയേണ്ടിവരും.