പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് റാപ്പര്‍ വേടന്‍. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് വേടന്‍ പറഞ്ഞു. പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണെന്നും തന്നോട് ക്ഷമിക്കണമെന്നും ആരാധകരോടായി വേടന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
തന്നെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് പറയാനുള്ളത്. പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണ്. ചേട്ടനോട് ദയവായി ക്ഷമിക്കണം. നല്ലൊരു മനുഷ്യനാകാന്‍ പറ്റുമോ എന്ന് താന്‍ നോക്കട്ടെ. പോയിവരാം മക്കളെ എന്നായിരുന്നു ജാമ്യം ലഭിച്ചതിന് പിന്നാലെ വേടന്റെ പ്രതികരണം.
എന്നാല്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിനെ കുറിച്ച് വേടന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. കേസ് കോടതിയുടെ കൈയിലിരിക്കുന്ന കാര്യമാണെന്നും ഇതെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വേടന്‍ മറുപടി നല്‍കി. കേസുമായി വേടന്‍ സഹകരിക്കുന്നുണ്ട് എന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചത് മുഖവിലയ്‌ക്കെടുത്താണ് വേടന് ജാമ്യം അനുവദിച്ചത്.
കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. പെരുമ്പാവൂര്‍ ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയാണ് ജാമ്യം നല്‍കിയത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
Read more
അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ട് പോകരുത്, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, ഏഴ് ദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നിങ്ങനെ കോടതി നിര്‍ദ്ദേശമുണ്ട്. സമ്മാനമായി ലഭിച്ചത് പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു എന്നും അറിഞ്ഞിരുന്നെങ്കില്‍ ഉപയോഗിക്കില്ലായിരുന്നു എന്നും വേടന്‍ കോടതിയെ അറിയിച്ചു.