കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക; രോഗികളെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് നിഗമനം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഗ്നിബാധ. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിക്കുകയാണ്. പുക മൂലം രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശ്വാസതടസമുണ്ടാകുന്നുണ്ട്.

അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയര്‍ന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെ മുഴുവന്‍ രോഗികളെയും സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണമെന്നാണ് നിഗമനം.

പൊലീസും ഫയര്‍ ഫോഴ്സും സന്നദ്ധ സംഘടനകളും ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് രോഗികളെ ഒഴിപ്പിക്കുന്നത്. തീ നിയന്ത്രണവിധേയമാണെങ്കിലും വലിയ രീതിയില്‍ പുക നിലനില്‍ക്കുന്നത് രോഗികളേയും കൂട്ടിരിപ്പുകാരേയും ബുദ്ധിമുട്ടിക്കുകയാണ്.

Read more

അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും മന്ത്രി ആവശ്യപ്പെട്ടു.