തൃശൂരില്‍ ആറുവയസ്സുകാരന്‍ വെട്ടേറ്റു മരിച്ചു; തിരുവനന്തപുരത്ത് മരുമകന്‍ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂര്‍ മുപ്ലിയത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആറു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുര്‍ ഇസ്ലാം ആണ് മരിച്ചത്. അമ്മ നജ്മക്ക് ഗുരുതരമായി വെട്ടേറ്റു. സംഭവത്തില്‍ അമ്മാവന്‍ ജമാലുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

തിരുവനന്തപുരം അരുവിക്കരയില്‍ മധ്യവയ്‌സകന്‍ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് മരിച്ചത്. മരുമകനായ അലി അക്ബര്‍ ആണ് വെട്ടിയത്. ഭാര്യ മുംതാസിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. ആക്രമണത്തിനുശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയിലാണ്.

പാലക്കാട് അട്ടപ്പാടി താഴെ മഞ്ചിക്കണ്ടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. താഴെ മഞ്ചിക്കണ്ടി സ്വദേശി മാത്യു പുത്തന്‍ പുരയ്ക്കല്‍, ചെര്‍പ്പുളശ്ശേരി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കടയോട് ചേര്‍ന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഈ കടയോട് ചേര്‍ന്ന് രാജനും കച്ചവട സ്ഥാപനം തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു.

Read more

കടയിലെ നിര്‍മാണ ജോലിക്കിടെ വൈദ്യുതാഘാതമേറ്റെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് വയറുമായി ബന്ധിപ്പിക്കുന്ന കമ്പിയിലൂടെ ഷോക്കേറ്റതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.