ദത്തുകേസില്‍ പിതാവടക്കം ആറുപ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി; ഷിജുഖാനെ ശിശുക്ഷേമ ഡയറക്ടര്‍ വിളിച്ചുവരുത്തി

അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. അനുപമയുടെ അച്ഛന്‍ ജയചന്ദ്രനും അമ്മയും അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. ആറ് പ്രതികളും തിരുവനന്തപുരം ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നിലപാട് അറിയിക്കാന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. വരുന്ന വ്യാഴാഴ്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും.

അതിനിടെ അനധികൃത ദത്തുകേസില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമ വിളിച്ചു വരുത്തി. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ദത്തെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. തുടക്കം മുതല്‍ തന്നെ വിവാദത്തിന്റെ ഒരു ഭാഗത്തുണ്ടായിരുന്നത് ശിശുക്ഷേമ സമിതിയാണ്.

അതേസമയം അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ കേസില്‍ ഷിജുഖാനെതിരെയും അനുപമയുടെ പിതാവ് ജയചന്ദ്രനെതിരെയും പാര്‍ട്ടി നടപടിക്കൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. സംഭവം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്.